Thursday 31 July 2014

സമസ്ത ഇന്നലെ; ഇന്ന്

[1924 ലെ കേരള ജംഇയത്തുല്‍ ഉലമയുടെ രൂപീകരണവും 1926 ലെ സമസ്തയുടെ രൂപീകരണവും- ഒരു ലഘു വിവരണം)


1924 (കൊല്ലവര്‍ഷം 1099 മേടം 28,29,20 തിയ്യതികളില്‍) കേരള മുസ്‌ലീം ഐക്യസംഘത്തിന്‍റെ ദ്വിതീയ വാര്‍ഷിക മഹാസമ്മേളനം ആലുവയില്‍ വച്ചു ചേര്‍ന്നു. ഉലമാ യോഗാധ്യക്ഷന്‍ വേലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് അറബികോളേജ് പ്രിന്‍സിപ്പാള്‍, ഹസ്രത്ത് മൌലാനാ മൌലവി അബ്ദുല്‍ ജബ്ബാര്‍ സാഹിബ്(മര്‍ഹൂം) അവര്‍കളായിരുന്നു.വെല്ലൂരിലെ വിഖ്യാത പണ്ഡിതന്മാരില്‍ ഒരാളായിരുന്ന മൗലാനാ അബ്ദുല്‍ റഹീം സാഹിബ്(മര്‍ഹൂം) അവര്‍കളും  മറ്റനേകം ഉലമാക്കളും ആ യോഗത്തില്‍ സംബന്ധിച്ചിരുന്നു. ആ സമ്മേളനത്തില്‍ വച്ച് ജ: ഇ. മൊയ്തു മൗലവി സാഹിബ് താഴെ കാണുന്ന പ്രമേയം അവതരിപ്പിച്ചു.

"കേരളത്തിന്‍റെ നാനാ ഭാഗങ്ങളിലുമുള്ള ഉലമാക്കളെ ഏകീകരിച്ച് ഒരു സംഘം രൂപീകരിക്കേണ്ടതാണെന്ന് ഈ  യോഗം തീരുമാനിക്കുന്നു." ഈ  പ്രമേയത്തെ ജ: എം. അബ്ദുല്‍ ഖാദിര്‍ മൗലവി, ഇ.കെ. മൗലവി പാലശ്ശേരി കമ്മു മൗലവി(കുറ്റൂര്) മുതലായവര്‍ പിന്‍താങ്ങി. അനന്തരം എം. അബ്ദുല്‍ ഖാദിര്‍ മൗലവി പ്രസിഡണ്ടും  സി. അബ്ദുള്ളകോയ തങ്ങള്‍, കെ.കെ. മുഹമ്മദ്‌ കുട്ടി മൗലവി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരുമായി കേരള ജംഇയത്തുല്‍ ഉലമ രൂപീകരിച്ചു. സെക്രട്ടറി ജ:  സി.കെ മൊയ്തീന്‍കുട്ടി മൗലവിയും അസിസ്റ്റന്റ് സെക്രട്ടറി ജ:  ഇ.കെ മൗലവി സാഹിബുമായിരുന്നു. പി.എന്‍. മുഹമ്മദ്‌ മൗലവി സാഹിബ്(പുളിക്കല്‍), പി.പി ഉണ്ണീന്‍മുഹിയിദ്ധീന്‍ കുട്ടി മൗലവി(പുളിക്കല്‍), പാലോട്ട് മുഹമ്മദ്‌ കുട്ടി ഹാജി മൗലവി(കണ്ണൂര്‍), ടി. മുഹമ്മദ് കുട്ടി മൗലവി, പി.എം. അബ്ദുല്‍ ഖാദിര്‍ മൗലവി(ഇശാഅത്ത് പത്രാധിപര്‍, കോട്ടയം) ജ:  ബി.വി കോയക്കുട്ടി തങ്ങള്‍(ചാവക്കാട് കടപ്പുറം), സി. അബ്ദുള്ള കുട്ടി മൗലവി, പാലശ്ശേരി കമ്മു മൗലവി(കറ്റൂര്‍) എന്നിവര്‍ കേരള ജംഇയത്തുല്‍ ഉലമാപ്രവര്‍ത്തകസമിതി അംഗങ്ങളായിരുന്നു.(കേരള മുസ്‌ലീം ഐക്യസംഘം ദ്വിതീയ വാര്‍ഷികയോഗ റിപ്പോര്‍ട്ട് പേജ് 40,41)

മൗലാനാ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് അവര്‍കള്‍ കേരളാ ജംഇയത്തുല്‍ ഉലമാ സംഘടനയുടെ പ്രവര്‍ത്തനത്തിന് അഞ്ചു സുപ്രധാന കാര്യങ്ങളാണ് നിര്‍ദേശിച്ചിരുന്നത്.

  1. ചിന്നഭിന്നമായി കിടക്കുന്ന ഉലമാക്കളുടെ ഇടയില്‍ ഐക്യമുണ്ടാക്കുക.
  2. മുസ്‌ലീംകളുടെ ഇടയിലുള്ള വഴക്കുകളെ അവരുടെ വക പഞ്ചായത്ത് സ്ഥാപിച്ചു അതില്‍ വച്ചു തീരുമാനിക്കുക.
  3. "ദാറുല്‍ ഇഫ്താഹ്" (വിധി കല്‍പ്പിക്കല്‍) ഏര്‍പ്പെടുത്തുക.
  4. മുസ്‌ലീംകളുടെ ഇടയിലുള്ള മത വിരുദ്ധവും ആപല്‍ക്കരവുമായ ദുരാചാരങ്ങളെ ദൂരീകരിക്കുക.
  5. ഇസ്ലാം മത പ്രവര്‍ത്തനത്തിനായി ഉചിതമായ പ്രവര്‍ത്തികള്‍ ചെയ്യുക.(അതേ പുസ്തകം. പേജ് 34)
കേരള മുസ്‌ലീം ഐക്യ സംഘത്തിന്‍റെ മൂന്നാം വാര്‍ഷിക സമ്മേളനം കോഴിക്കോട് പട്ടണത്തില്‍ വച്ച് കൂടി. യോഗാധ്യക്ഷന്‍ ഖാന്‍ബഹാദൂര്‍ മഹമൂദ് ശംനാട് സാഹിബ്(കാസര്‍ഗോഡ്‌) അവര്‍കളായിരുന്നു. ഐക്യസംഘത്തിന്‍റെ വിരോധികളായ മുസ്ലിയാക്കളുടെ സംശയങ്ങള്‍ക്ക് ജ: ഇ.കെ മൗലവി സാഹിബ് യുക്തമായ മറുപടി നല്‍കി. ആ ചരിത്ര സംഭവം ജ: ഇ.കെ മൗലവി സാഹിബ് തന്നെ വിവരിച്ചത് കാണുക.

"ആ യോഗത്തില്‍ വച്ചു തന്നെ ആ മതപണ്ഡിതന്മാരുടെ സാന്നിദ്ധ്യത്തില്‍ പരേതനായ മഹമൂദ് ശേറുല്‍ സാഹിബ് ശത്രുക്കള്‍ ഉന്നയിച്ച ഓരോ വാദത്തെപറ്റിയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിനെല്ലാം സംഘത്തിന്‍റെ പ്രാധിനിധ്യം വഹിച്ചുകൊണ്ട് ഇതെഴുതുന്ന ആള്‍ മറുപടി പറയുകയും ചെയ്തു. 

തദാനന്തരം എതിര്‍കക്ഷികളായ മുസ്ലിയാക്കളുടെ തലവനായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ മര്‍ഹൂം 'ഈ സംഘം അഹ് ലു സുന്നത്തിവല്‍ജമാഅത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംഘമാണെന്ന് പ്രഖ്യാപിക്കുകയും ഏ സംഘത്തെ ലോകാവസാനം വരെ നിലനിര്‍ത്തേണമേ' എന്ന് അല്ലാഹുവിനോട് യോഗത്തില്‍ വച്ച് പരസ്യമായി പ്രാര്‍ഥിക്കുകയും ചെയ്തുവെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്."(കേരള മുസ്‌ലീം ഡയറക്ടരി, പേജ് 473)

കേരള ജംഇയത്തുല്‍ ഉലമ മുസ്‌ലീം കേരളത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പല സേവനങ്ങളും അര്‍പ്പിച്ചു. കേരള മുസ്‌ലീംകളുടെ ഭൗതീകവും ആത്മീയവുമായ പുരോഗതിക്കായി അവര്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കി. സമുദായത്തിന്നിടയില്‍ ദേശീയബോധം വളര്‍ത്തുന്നതിലും സംഘാംഗങ്ങള്‍ പരിഗണനാര്‍ഹാമായ പങ്കു വഹിച്ചു. മുസ്‌ലീംകള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന അന്ധവിശ്വാസാനാചാരങ്ങള്‍ക്കെതിരില്‍ അവര്‍ സന്ധിയില്ലാസമരം നടത്തി വരുന്നു. തല്‍ഫലമായി ബ്രിട്ടീഷ് അനുകൂലികളായിരുന്ന മുതലാളിമാരും യാഥാസ്ഥിതികന്മാരായ മുസ്ലിയാക്കന്മാരും പരിഭ്രാന്തരായി. 

1925 ല്‍ തന്നെ ഖാന്‍ ബഹദൂറന്മാരും ഒരു പറ്റം  മുസ്ലിയാക്കളും കേരള ജംഇയത്തുല്‍ ഉലമക്കും കേരള മുസ്‌ലീം ഐക്യസംഘത്തിനുമെതിരില്‍ കുരിശുയുദ്ധം ആരംഭിച്ചു. 1926 ജൂണ്‍ 26ന് കോഴിക്കോട് ടൌണ്‍ഹാളില്‍ വെച്ചു യാഥാസ്ഥിതിക പന്ധിതന്മാരുടേയും പൌരപ്രധാനികളുടെയും ഒരു യോഗം ചേര്‍ന്നു. സമ്മേളനാദ്ധ്യക്ഷന്‍ സയ്യിദ് ഹാശിം ചെറിയ കുഞ്ഞിക്കോയതങ്ങള്‍ അവര്‍കളായിരുന്നു. ആ യോഗത്തില്‍ വെച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപവല്‍ക്കരിച്ചത്. ഈ സംഘം സ്ഥാപകകാലം മുതല്‍ തന്നെ ബ്രിട്ടന്‍റെ അനുകൂലികള്‍ ആയിരുന്നു. മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ചിലശിര്‍ക്ക്പരമായ വിശ്വാസാചാരങ്ങളും എണ്ണമറ്റ അനാചാരങ്ങളും നിലനിര്‍ത്താനും ഈ സംഘംഅന്നുമുതല്‍ ഇന്നുവരെയും പരിശ്രമിച്ചു വരുന്നു. ഇവര്‍ 'സുന്നി' , അഹ്ലു സുന്നത്തിവല്‍ജമാഅത്ത്, 'ശാഫിഈ' മദ്ഹബ് എന്നീ വ്യാജലേബലുകളില്‍ പൌരോഹിത്യ തലപ്പാവണിഞ്ഞുജീവിക്കുകയും പ്രചരണ പരിപാടികള്‍ത്വരിതപ്പെടുത്തുകയുംചെയ്യുന്നു. ഇപ്പോള്‍ ഇ.കെ- കാന്തപുരം ഗ്രൂപ്പ് തിരിഞ്ഞു തൊഴുത്തില്‍ കുത്തും അടിപിടിയും കത്തിക്കുത്തും മദ്രസ്സ-പള്ളി പൂട്ടലും മറ്റുംനടത്തുന്നു ഈ പുരോഹിത സൊസൈറ്റി!

 കേരള മുസ്‌ലിങ്ങളുടെ മതപരവും ദേശീയവും വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനത്തിനു മുമ്പില്‍ സമസ്തക്കാര്‍ എക്കാലത്തും വിലങ്ങുതടിയായിരുന്നുവെന്നത് ചരിത്ര യാഥാര്‍ത്ഥ്യം മാത്രമാണ്. അധികാര വര്‍ഗ്ഗക്കാരായ ഇംഗ്ലീഷുകാര്‍ ഇന്ത്യ വിടരുതെന്നായിരുന്നുഈ യാഥാസ്ഥിക ഉലമാക്കള്‍ ആഗ്രഹിച്ചിരുന്നത്. ബ്രിട്ടന്‍ ഈ അറുപിന്തിരിപ്പന്‍ ഉലമാ സംഘത്തെ ഉറപ്പിച്ചു നിര്‍ത്താനും വളര്‍ത്താനും ബോധപൂര്‍വ്വം ശ്രമിച്ചു. ഖാന്‍ ബഹദൂര്‍മാരുടെ താളത്തിനൊത്ത് തുള്ളുന്ന പണ്ഡിതന്‍മാരായിരുന്നുസമസ്തയുടെ സ്ഥാപകനേതാക്കള്‍.