Thursday 14 August 2014

Imaam Navavi(R)

ഇമാം നവവി(റ) ലഘുചരിത്രം

അബൂസക്കരിയ്യ മുഹിയുദ്ദീന്‍ യഹ് യബ്നു ശറഫ് അന്നവവി എന്നാണ് ഇമാം നവവി(റ)യുടെ പൂര്‍ണ്ണമായ പേര്. ഹിജ്റ 631-ല്‍ ഡമാസ്കസിലെ 'നവാ' എന്ന ഗ്രാമത്തില്‍ അദ്ദേഹം ജനിച്ചു. ആ സ്ഥലത്തിലേക്ക് ചേര്‍ത്തിക്കൊണ്ടാണ് അദ്ദേഹത്തെ 'നവവി' എന്ന്‍ വിളിക്കുന്നത്. സദ്‌വൃത്തനായ തന്‍റെ  പിതാവ് അദ്ദേഹത്തെ സംരക്ഷിക്കുകയും നന്നായി വളര്‍ത്തുകയും ചെയ്തു. ചെറുപ്പത്തില്‍ തന്നെ അതിയായ ബുദ്ധിശക്തിയും വിജ്ഞാന ദാഹവും പ്രകടിപ്പിച്ച തന്‍റെ കുഞ്ഞിന് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും പിതാവ് ഒരുക്കിക്കൊടുത്തു.ഹിജ്റ 649ല്‍ പിതാവ് അദ്ദേഹത്തെ ഉപരിപഠനത്തിന് ഡമാസ്കസിലേക്ക് അയച്ചു. അന്ന് അദ്ദേഹത്തിന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഡമാസ്കസ് അന്ന് മുസ്‌ലീം ലോകത്തെ ഏറ്റവും വലിയ വിജ്ഞാന കേന്ദ്രമായിരുന്നു. വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മുന്നൂറിലേറെ ഉന്നത കലാലയങ്ങളുണ്ടായിരുന്നു അന്നവിടെ അവയില്‍ പ്രധാനപ്പെട്ട ഒരു സ്ഥാപനമായിരുന്നു 'അല്‍ മദ്റസത്തുല്‍ റവാഹിയ'. ഇമാം നവവി(റ) അവിടെ ചേര്‍ന്ന് പഠനം തുടങ്ങി.

പഠനത്തില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ മുഴുവനും. ഭക്ഷണക്രമത്തിലോ സുഖസൗകര്യങ്ങളിലോ വേണ്ടത്ര താല്പര്യം അദ്ദേഹം കാണിച്ചില്ല. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും തന്‍റെ ഗുരുനാഥന്മാരെ മുഴുവനും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. കുറഞ്ഞ കാലം കൊണ്ട് തഫ്സീര്‍(ഖുര്‍ആന്‍ വ്യാഖ്യാനം), ഹദീസ്, ഫിഖ്ഹ്)ഇസ്ലാമിക കര്‍മ്മ ശാസ്ത്രം), ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പ്രാവീണ്യം നേടുകയും പല കൃതികളും മനപാഠമാക്കുകയും ചെയ്തു. പ്രഗല്‍ഭരായ പല പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹം പിതാവിന്‍റെ കൂടെ ഹജ്ജിന് പോവുകയും മാസങ്ങളോളം മക്കയില്‍ താമസിക്കുകയും ചെയ്തു. പിന്നീട് ഡമാസ്കസില്‍ തിരിച്ചെത്തി. ഏതാണ്ട് ഇരുപത്തിയാറ് വര്‍ഷക്കാലം ഇമാം നവവി(റ) ഡമാസ്കസില്‍ ചിലവഴിച്ചു. അവിടെ അദ്ദേഹം അധ്യാപനത്തിലും ഗ്രന്ഥരചനയിലും മുഴുകുകയുണ്ടായി. പിന്നീടദ്ദേഹം നാട്ടിലേക്ക് തന്നെ തിരിച്ചു വന്നു. 

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ നിരവധി പണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തഫ്സീര്‍, ഹദീസ്,ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം ഒട്ടേറെ ഗ്രന്ധങ്ങളെഴുതി. അവയില്‍ പലതും വിശ്വപ്രസിദ്ധമായവയാണ്. ഇമാം നവവി(റ)യുടെ പേരു പറയാത്തതും അദ്ദേഹത്തിടെ ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കാത്തതുമായ ഒറ്റ കര്‍മ്മ ശാസ്ത്ര ഗ്രന്ഥവും ഹദീസ് വ്യാഖ്യാന ഗ്രന്ഥവും മുസ്‌ലീം ലോകത്ത് ഇല്ലെന്ന് തന്നെ പറയാം. അത്രമാത്രം സ്ഥാനവും മഹത്വവും കര്‍മ്മശാസ്ത്രത്തിലും ഹദീസിലും കൈ വരിച്ച മഹാനാണദ്ദേഹം.

ശാഫിഈ കര്‍മ്മശാസ്ത്രത്തിലെ സ്വഹീഹുകളെ തിരഞ്ഞെടുക്കുകയും പ്രബലപ്പെടുത്തുകയും ചെയ്ത 'തര്‍ജീഹിന്‍റെ മുജ്തഹിദ്' എന്നും 'മുഫ്തി' എന്നും 'മുഹര്‍റിറുല്‍ മദ്ഹബ്' (ശാഫിഈ മദ്ഹബിന്‍റെ എഡിറ്റര്‍) എന്നുമെല്ലാം അദ്ദേഹം അറിയപ്പെടുന്നു. മാത്രമല്ല, അദ്ദേഹത്തെ കുറിച്ച് 'നാസ്വിറുല്‍ മദ്ഹബ്'(ശാഫിഈ മദ്ഹബിന്‍റെ സഹായി), 'അശ്ശാഫിഈ അസ്സ്വഗീര്‍'(ചെറിയ ശാഫിഈ), രണ്ടാം ശാഫിഈ തുടങ്ങിയ സ്ഥാനപ്പേരുകള്‍ പറയപ്പെടാറുണ്ട്.

ഇമാം നവവി(റ) മദ്ഹബുപരമായി ശാഫിഈ മദ്ഹബുകാരന്‍ മാത്രമായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ കൃതികളുടെ സ്വീകാര്യത ശാഫിഈ മദ്ഹബുകാര്‍ക്കിടയില്‍ മാത്രം പരിമിതമല്ല. ഹനഫി, ഹമ്പലി, മാലിക്കി മദ്‌ഹബുകാരും അതുപയോഗപ്പെടുത്തുകയും അതിന് ആധികാരികത കല്‍പ്പിക്കുകയും ചെയ്യാറുണ്ട്.  പ്രത്യേകിച്ച് അവര്‍ ശാഫിഈ മദ്ഹബിന്‍റെ 'മസ്അലകള്‍' ഉദ്ധരിക്കുമ്പോള്‍ നവവി(റ)യുടെ കിതാബുകളാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്. 

ചുരുക്കത്തില്‍ ശാഫിഈ മദ്ഹബിലെ പില്‍ക്കാല പണ്ഡിതന്മാരുടെ കൂട്ടത്തില്‍ ആധികാരിക വാക്ക് ഇമാം നവവി(റ)യുടെതാണ് എന്നതിലും അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ ശാഫിഈ മദ്ഹബിലെആധികാരിക രേഖകളാണ് എന്നതിലും തര്‍ക്കമില്ല.

നാല്‍പത്തി അഞ്ചാം വയസ്സില്‍ അദ്ദേഹം രോഗബാധിതനാവുകയും അതേ വര്ഷം റജബ് മാസം 24ന് അദ്ദേഹം ഈ ലോകത്തോട് വിട പറയുകയും ചെയ്തു. കടുത്ത ദുഃഖത്തോടും ഞെട്ടലോടും കൂടിയാണ് മുസ്‌ലീം ലോകം അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത കേട്ടത്. പക്ഷെ ആ മഹാനുഭാവന്‍ വൈജ്ഞാനികമായ നിരവധി ഗ്രന്ഥങ്ങളിലൂടെ ഇന്നും നമ്മുടെയെല്ലാം മനസ്സില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു. (അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്‍റെ വിശാലമായ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ!  അമീന്‍)