Saturday 17 August 2013

അന്ത്യദിനത്തിന്‍റെ അടയാളങ്ങള്‍

ലോകത്തിന് എന്ത് സംഭവിക്കും?

ഈ പ്രപഞ്ചം ഇതേ രീതിയില്‍ എന്നും നില നില്‍ക്കുമോ ?സൂര്യന്‍റെ സ്ഥാനം തെറ്റുമോ ? ഭൂമിയും സൂര്യനും തമ്മില്‍ ഇന്നുള്ള അകലം കൂടുകയോ കുറയുകയോ ചെയ്‌താല്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സഹിക്കാനാവാത്ത ബുദ്ധിമുട്ടുകളുണ്ടാവും എന്ന് ശാസ്ത്രകാരന്മാര്‍ പറയുന്നുണ്ട്. അപ്പോള്‍ സൂര്യന്‍റെ സ്ഥാനം തെറ്റുമോ എന്നത് പ്രസക്തമായ ചോദ്യമാണ്. പ്രപഞ്ചത്തില്‍ ഒരുപാട് ഗ്രഹങ്ങളുണ്ടായിട്ടും അവയെക്കുറിച്ച് പരാമര്‍ശിക്കാതെ സൂര്യനെക്കുരിച്ച് പരാമര്‍ശിക്കുന്നതെന്ത്കൊണ്ടാണ് എന്ന് ചോദിക്കുന്നവരുണ്ടാകാം. സൂര്യന്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്നത് കൊണ്ടാണ് അതിനെ പറ്റി പ്രത്യേകം പറയുന്നത്. ഒരു ദിവസം കാര്‍മേഘാവൃതമായതുകൊണ്ട് സൂര്യപ്രകാശം ലഭിച്ചില്ലെങ്കില്‍ ആ അവസ്ഥ നമ്മുടെ ശരീരത്തിന് മാത്രമല്ല മനസ്സിനെയും ബാധിക്കും.

സൂര്യനും ഭൂമിക്കും വരുന്ന മാറ്റങ്ങളെക്കുറിച്ച് പേടിപ്പെടുത്തുന്ന അവസ്ഥകളെ ക്കുറിച്ച് ഇസ്‌ലാം മത അനുയായികള്‍ക്ക് വ്യക്തമായ ചില വിശ്വാസങ്ങളുണ്ട്. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ അവയെല്ലാം നശിക്കുമെന്ന്.

അതിന്‍റെ നാശം പ്രവചിക്കുന്നത് നശിക്കാത്ത ഒരു ലോകത്ത് മനുഷ്യര്‍ പുനര്‍ജനിക്കപ്പെടുമെന്ന ദൃഢവിശ്വാസം അവരിലുണ്ടാക്കാനാണ്. അതാകട്ടെ അവരുടെ തന്നെ ഗുണത്തിനും. ലോകാവസാനത്തിന്‍റെ തിയ്യതി കുറിക്കുന്ന തട്ടിപ്പുകാര്‍ ഒരുപാടുണ്ട്. ഒരു മനുഷ്യനും പ്രവചിക്കാന്‍ കഴിയാത്തതും ഒരു പ്രവാചകനും അല്ലാഹു വെളിപ്പെടുത്തികൊടുക്കാത്തതുമാണ്. എപ്പോഴാണ് അന്ത്യനാള്‍ എന്ന് ചോദിച്ചവരോട് അതിന്‍റെ അറിവ് അല്ലാഹുവിന് മാത്രമാണെന്നാണ് മുഹമ്മദ്‌ നബി(സ) പറഞ്ഞത്. എന്നാലോ അതിന്‍റെ യാഥാര്‍ത്യത്തെപറ്റി അവിടുന്ന് ഏറെ പറഞ്ഞു തന്നിട്ടുണ്ട്. ഖിയാമത്ത് എന്നും സാഅത്ത് എന്നുമാണ് ഖുര്‍ആന്‍ അതിന് പേര്‍ നല്‍കിയത്.

അന്ത്യനാള്‍ എപ്പോഴാണെന്നറിയില്ല എന്ന് പറഞ്ഞ നബി(സ) തിരുമേനി അതിന്‍റെ അടയാളങ്ങള്‍ വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. അവ ഓരോന്നും താഴെ വിശദീകരിക്കുന്നു.

1-   പ്രവാചക നിയോഗം
അന്ത്യദിനത്തിന്‍റെ ഏറ്റവും പ്രഥമമായ അടയാളമായി നബി(സ) പഠിപ്പിച്ചത് പ്രവാചക നിയോഗമാണ്.

سهل بن سعد,رضى الله عنه, قال رأيت رسول الله صلى الله عليه وسلم وقال: بإصبعيه هكذا بالوسطى والّتي تلى الإبهام بعثت والسّاعة كهاتين.

സഹ്ല്‍ ബിന്‍ സഅദ്(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദൂതരെ കണ്ടു. അദ്ദേഹം തന്‍റെ നടുവിരലും ചൂണ്ടുവിരലും ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു: ഞാനും അന്ത്യദിനവും ഇവ രണ്ടും പോലെയാണ് നിയുക്തമായിട്ടുള്ളത്. (ബുഖാരി)

ഇമാം ഖുര്‍തുബി പറഞ്ഞു: അന്ത്യദിനത്തിന്‍റെ ഒന്നാമത്തെ അടയാളം പ്രവാചകനാണ്‌. കാരണം അദ്ദേഹം അവസാനത്തെ പ്രവാചകനാണ്‌. അദ്ദേഹത്തിനും അന്ത്യദിനത്തിനുമിടയില്‍ മറ്റൊരു പ്രവാചകനില്ല.

2-   നബി(സ)യുടെ നിര്യാണം


പ്രവാചകന്‍ ഈ ലോകത്തോട് വിട പറഞ്ഞത് മുസ്‌ലിംകള്‍ക്ക് നികത്താനാവാത്ത ഒരു വിടവാണ്. സ്വഹാബികളില്‍ പലര്‍ക്കും പ്രവാചകന് ശേഷം മദീന ഇരുളടഞ്ഞതായി തോന്നിയിരുന്നു. കാരണം തിരുമേനിക്ക് ശേഷം വാനലോകത്ത് നിന്നുള്ള ദൈവീകവെളിപാടുകള്‍ നിലക്കുകയും ചില കുഴപ്പങ്ങള്‍ പ്രകടമാകുകയും ചെയ്തിരുന്നു. നബി(സ)യുടെ നിര്യാണം അന്ത്യദിനത്തിന്‍റെ അടയാളമായി തിരുമേനി തന്‍റെ ജീവിതകാലത്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


ഔഫു ബിന്‍ മാലിക് പറഞ്ഞു. തബൂക്ക് യുദ്ധവേളയില്‍ ഞാന്‍ നബി(സ)യുടെ അടുക്കല്‍ ചെന്നു. അദേഹം തുകല്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കൂടാരത്തിലായിരുന്നു. അദ്ദേഹം പറഞ്ഞു. അന്ത്യദിനത്തിന് മുന്‍പായി ഞാന്‍ ആറു കാര്യങ്ങള്‍ എന്നുന്നു. എന്‍റെ മരണം, ബൈത്തുല്‍ മുഖദ്ദസിന്‍റെ വിജയം. രോഗബാധിത ആടുകള്‍ ചാവുന്നത് പോലുള്ള ആകസ്മിക മരണം, ധനത്തിന്‍റെ ഒഴുക്ക് എത്രത്തോളമെന്നാല്‍ നൂറ് ദിനാര്‍ പോലും ഒരാള്‍ക്ക്‌ നിസ്സാരമായിരിക്കും. അറബികളുടെ മുഴുവന്‍ ഭവനങ്ങളിലുമെത്തുന്ന കുഴപ്പം, നിങ്ങളും റോമാക്കാരും തമ്മില്‍ സന്ധിയുണ്ടാക്കുകയും അവര്‍ അത് ലംഘിക്കുകയും എണ്‍പത് പതാകകള്‍ക്ക് കീഴില്‍ അവര്‍ നിങ്ങള്‍ക്ക് നേരെ വരികയും ചെയ്യും. ഓരോ പതാകക്ക് കീഴിലും പന്തീരായിരം ഉണ്ടായിരിക്കും. (ബുഖാരി)


3-   ചന്ദ്രന്‍ പിളര്‍ന്ന സംഭവം


പ്രവാചകന്‍റെ കാലത്ത് ചന്ദ്രന്‍ പിളര്‍ന്ന സംഭവം പ്രബലമായ പരമ്പരകളുള്ള ശരിയായ ഹദീസുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.


അനസ് ബിന്‍ മാലിക്(റ) പറഞ്ഞു: മക്കയിലെ ആളുകള്‍ അല്ലാഹുവിന്‍റെ ദൂതരോട് ഒരു ദ്രിഷ്ടാന്തം കാണിച്ചു കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവര്‍ക്ക് ചന്ദ്രന്‍ പിളര്‍ന്നത് കാണിച്ചു കൊടുത്തു.


 ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ബഹുദൈവവിശ്വാസികള്‍ പ്രവാചകന്‍റെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: നീ സത്യവാനാണെങ്കില്‍ ഞങ്ങള്‍ക്ക് ചന്ദ്രനെ രണ്ടായി പിളര്‍ത്തി കാണിച്ചു തരിക. ഒരു പകുതി അബു ഖുബൈസ് പര്‍വ്വതത്തിലും മറ്റേ പകുതി ഖഅ് ലിയാന്‍ മലയിലും. അന്ന് ഒരു പൗര്‍ണ്ണമി ദിനമായിരുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതര്‍ തന്‍റെ രക്ഷിതാവിനോട് അവര്‍ ആവശ്യപ്പെട്ടത് നല്‍കാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ചന്ദ്രന്‍ രണ്ട് പകുതിയായി. ഒന്ന് അബൂ ഖുബൈസിന്‍മേലും മറ്റേത് ഖഅ്ഖിയാന്‍ മലയിലും. നബി(സ) പറഞ്ഞു: നിങ്ങള്‍ സാക്ഷ്യം വഹിക്കുക.


4-   ബൈത്തുല്‍ മുഖദ്ദസിന്‍റെ വിജയം


മുഹമ്മദ്‌ നബി(സ) ദൈവ ദൂതരായി നിയോഗിതനായ സമയത്ത് ബൈത്തുല്‍ മുഖദ്ദസ് റോമക്കാരായ ക്രിസ്ത്യാനികളുടെ കീഴിലായിരുന്നു. റോമക്കാര്‍ വളരെ വലിയ സാമ്രാജ്യത്തിന്‍റെ ഉടമകളുമായിരുന്നു. ബൈത്തുല്‍ മുഖദ്ദിസിന്‍റെ വിജയം നബി(സ) പ്രവചിക്കുകയും അത് അന്ത്യ ദിനത്തിന്‍റെ അടയാളങ്ങളുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു. ഉമര്‍ ബിന്‍ ഖത്താബ്(റ)ന്‍റെ കാലത്ത് (16 ഹി. 637 ക്രി.) ബൈതുല്‍ മുഖദ്ദസ് വിജയിച്ചടക്കപ്പെടുകയും അത് ശുദ്ധീകരിച്ച് അവിടം ഒരു പള്ളി നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട് സ്വലാഹുദ്ദീന്‍ അയ്യൂബിയും ഈ വിശുദ്ധഭവനം വിജയിച്ചടക്കിയിട്ടുണ്ട്. ഇനിയും ഈ ഭവനം വിജയിക്കപ്പെടുമെന്ന് സൂചിപ്പിക്കുന്ന പ്രവാചക വചനങ്ങളുണ്ട്.



5-   ആകസ്മിക മരണം

ആളുകള്‍ ആകസ്മികമായി മരിക്കുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളുടെ ഗണത്തിലാണ് പ്രവാചകന്‍ എണ്ണിയിട്ടുള്ളത്.


موتان يأخذ فيكم كقعاص الغنم
നബി(സ) പറഞ്ഞു: ഖുനൂസ് എന്ന രോഗം കാരണം ആടുകള്‍ ചാവുന്നത് പോലുള്ള മരണം. ഖുനൂസ് എന്ന രോഗം ബാധിച്ച മൃഗങ്ങളുടെ മൂക്കില്‍ നിന്ന് ഒരു ദ്രാവകം ഒലിക്കുകയും പെട്ടെന്ന് ചാവുകയും ചെയ്യും. ഈ രോഗം ഒരു പകര്‍ച്ച വ്യാധിയായത് കൊണ്ട് മറ്റു മൃഗങ്ങളിലേക്ക് പെട്ടെന്ന് പടരുകയും അവ ഒന്നടങ്കം ചത്തൊടുങ്ങുകയും ചെയ്യും. പ്ലേഗ് പോലുള്ള രോഗങ്ങള്‍ കാരണം ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുന്നത് അന്ത്യ ദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്.


6-   കുഴപ്പങ്ങളുടെ വ്യാപനം

പ്രവാചകന്‍റെ വിയോഗത്തോട് കൂടി തന്നെ കുഴപ്പങ്ങളുടെ വ്യാപനം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ, മത, സാമ്പത്തിക, ധാര്‍മിക, സദാചാര രംഗങ്ങളിലെല്ലാം കുഴപ്പങ്ങള്‍ പ്രകടമാണ്. കൂരിരുള്‍ പോലെ കുഴപ്പങ്ങള്‍ വ്യാപിക്കുമ്പോള്‍ ഒരു വ്യക്തി രാവിലെ വിശ്വാസിയും വൈകുന്നേരം അവിശ്വാസിയും നേരെ തിരിച്ചും ആയിത്തീരും വിധം വ്യതിയാനവും മലക്കം മറിച്ചിലും നടത്തുമെന്നും ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. 


 إِنَّ بَيْنَ يَدَيِ السَّاعَةِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ , فِتَنًا كَقِطَعِ الدُّخَانِ يَمُوتُ فِيهَا قَلْبُ الرَّجُلِ كَمَا يَمُوتُ بَدَنُهُ , يُصْبِحُ الرَّجُلَ مُؤْمِنًا وَيُمْسِي كَافِرًا , وَيُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا , يَبِيعُ قَوْمٌ خَلاقَهُمْ وَدِينَهُمْ بِعَرَضٍ مِنَ الدُّنْيَا
നബി(സ) പറഞ്ഞു: അന്ത്യ ദിനത്തിന് മുന്നോടിയായി ഇരുളടഞ്ഞ രാത്രി പോലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകും. പുകകഷ്ണങ്ങള്‍ പോലുള്ള കുഴപ്പങ്ങള്‍ മനുഷ്യരുടെ ശരീരം മരിക്കുന്നത് പോലെ ഹൃദയവും മരിക്കും. ഒരാള്‍ രാവിലെ വിശ്വാസിയും വൈകുന്നേരം അവിശ്വാസിയും ആകും, വൈകുന്നേരം വിശ്വാസിയും രാവിലെ അവിശ്വാസിയുമാകും. ജനങ്ങള്‍ അവരുടെ സ്വഭാവവും മതവും ദുനിയാവിന് വേണ്ടി വില്‍ക്കും. (അഹ്മദ്)

7-   ആകാശത്ത് നിന്നും തിന്മകള്‍

അവസാനകാലത്ത് ലോകത്ത് തിന്മകള്‍ വ്യാപിക്കുമെന്ന വസ്തുത പല ഹദീസുകളിലും വ്യക്തമാക്കപ്പെട്ടതാണ്.


عن حذيفة قال ليوشكن أن يصب عليكم الشر من السماء حتى يبلغ الفيافي قال قيل وما الفيافي يا أبا عبد الله قال الأرض القفر
ഹുദൈഫയില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: തിന്മ നിങ്ങളുടെ മേല്‍ ചൊരിയപ്പെടും. എന്നിട്ട് അത് ഫയാഫി വരെ എത്തും. അപ്പോള്‍ അദ്ദേഹത്തോട് ഫയാഫി എന്നാല്‍ എന്തെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: വരണ്ട ഭൂമിയാണത്. ലോകത്ത് ധാര്‍മിക സദാചാര രംഗത്ത് തിന്മകള്‍ വിതക്കുന്നതില്‍ സാറ്റ്ലൈറ്റ് ചാനലുകള്‍ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. പതിനായിരത്തിലധികം ചാനലുകള്‍ ഇപ്പോള്‍ ബഹിരാകാശത്ത് നീന്തിക്കൊണ്ടിരിക്കുന്നുണ്ട്. വരണ്ട മരുഭൂമികളിലെ ടെന്റുകളില്‍ വരെ ഈ തിന്മകള്‍ എത്തുന്നുമുണ്ട്.   


8-   യുദ്ധങ്ങള്‍ പോരാട്ടങ്ങള്‍

ഭൂമുഖത്ത് യുദ്ധങ്ങളും പോരാട്ടങ്ങളും അധികരിച്ച് വരുന്നതും അന്ത്യ ദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. വിശ്വാസികളും അവിശ്വാസികളും മാത്രമല്ല, വിശ്വാസികള്‍ക്കിടയില്‍ പോലും യുദ്ധങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതാണ്.



നബി(സ) പറഞ്ഞു: രണ്ടു വന്‍ സംഘങ്ങള്‍ തമ്മില്‍ യുദ്ധത്തിലേര്‍പ്പെടുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. അവര്‍ക്കിടയില്‍ വമ്പിച്ച ആള്‍നാശം സംഭവിക്കും. അവരുടെ വാദം ഒന്നായിരിക്കും.( ബുഖാരി)

അവസാന നാളുകളിലെ യുദ്ധങ്ങളുടെ സ്വഭാവം വിവരിക്കുന്ന വേറെയും ഹദീസുകള്‍ ഉണ്ട്.

قال رسول الله صلى الله عليه وسلم : لا تقوم الساعة حتى تقاتلوا الترك صعار الأعين حمر الوجوه ذلف الأنوف كأن وجوههم المجان المطرقة ولا تقوم الساعة حتى تقاتلوا قوما نعالهم الشعر

നബി(സ) പറഞ്ഞു: അന്ത്യ ദിനം സംഭവിക്കുകയില്ല. നിങ്ങള്‍ തുര്‍ക്കികളുമായി യുദ്ധം ചെയ്യുന്നത് വരെ. അവരുടെ കണ്ണുകള്‍ ചെറിയതും മുഖങ്ങള്‍ ചുവന്നതും മൂക്കുകള്‍ പതിഞ്ഞതുമായിരിക്കും. അവരുടെ മുഖങ്ങള്‍ പരിചകള്‍ പോലിരിക്കും, അന്ത്യ ദിനം സംഭവിക്കുകയില്ല. നിങ്ങള്‍ ഒരു ജനതയുമായി യുദ്ധം ചെയ്യുന്നത് വരെ. അവരുടെ പാദരക്ഷകള്‍ രോമങ്ങള്‍ കൊണ്ടുള്ളതായിരിക്കും. (ബുഖാരി)


9- മത പ്രമാണങ്ങളിലെ അജ്ഞതയും അവിവേകവും
ഒരു വിജ്ഞാന രംഗത്ത് അജ്ഞത വ്യാപിക്കുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്.


سيخرج في آخر الزمان قوم أحداث الأسنان سفهاء الأحلام يقولون من خير قول البرية يقرءون القرآن لا يجاوز حناجرهم يمرقون من الدين كما يمرق السهم من الرمية
നബി (സ) പറഞ്ഞു: അവസാന കാലത്ത് ഒരു ജനത വരും, അവര്‍ ചെറുപ്പക്കാരും  വിവേകമില്ലാത്തവരുമായിരിക്കും. അവര്‍ സൃഷ്ടികളില്‍ ഏറ്റവും ഉത്തമന്‍റെ വാക്കുകള്‍ (പ്രവാചക വചനങ്ങള്‍) പറയും. അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. പക്ഷെ അത് അവരുടെ കണ്ഠങ്ങള്‍ക്ക്  അപ്പുറം പോകുകയില്ല..... മതത്തില്‍ നിന്ന് അവര്‍ പുറത്തു പോകും, അമ്പ് വില്ലില്‍ നിന്ന് പുറത്തു പോകുന്നത് പോലെ.(നസാഈ)


10-  പ്രവാചകത്വവാദികളുടെ പുറപ്പാട്
മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്‍റെ അവസാന ദൂതനും പ്രവാചകനുമാണ്. അദ്ദേഹത്തിന് ശേഷം ഇനി ഒരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ട് തന്നെ ഇനി പ്രവാചകത്വം വാദിക്കുന്നവരെല്ലാം കള്ളപ്രവാചകന്മാര്‍ ആയിരിക്കും. അന്ത്യദിനത്തിന് മുമ്പായി ഇത്തരം ഇത്തരത്തിലുള്ള അനവധി പ്രവാചകത്വവാദികള്‍ പ്രത്യക്ഷപ്പെടും. നബി(സ)യുടെ കാലത്ത് തന്നെ കള്ളപ്രവാചകര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. പ്രവാചകന്‍റെ അവസാന നാളുകളില്‍ യമനില്‍ പ്രത്യക്ഷപ്പെട്ട അസ് വദ് അല്‍ അനാസി ഇതിനുദാഹരണമാണ്. യമാനിന്‍റെ ഭാഗങ്ങളില്‍ അദ്ദേഹം ആധിപത്യം ചെലുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നബി(സ) യമനിലെ മുസ്‌ലിംകളോട് അവനെ വധിക്കുവാന്‍ കല്‍പ്പിക്കുകയും അവര്‍ അവന്‍റെ വീട്ടില്‍ വച്ച്, അവന്‍റെ വിശ്വാസിയായ ഭാര്യയുടെ സഹായത്തോട് കൂടി അവന്‍റെ കഥ കഴിക്കുകയും ചെയ്തു. പിന്നീട് വന്ന മുസൈലിമത്ത് അല്‍ കദാബിനെ അബൂബക്കര്‍ (റ) നിയോഗിച്ച സൈന്യം വധിക്കുകയുണ്ടായി. ഇത് പോലെ പിന്നീട് വേറെയും പലര്‍, മിര്‍സാ ഗുലാം അഹ്മദ് അല്‍ ഖാദിയാനിയെപ്പോലെ പ്രവാചകത്വം വാദിച്ചിട്ടുണ്ട്.


ولا تقوم الساعة حتى تلحق قبائل من أمتي بالمشركين، وحتى تعبد قبائل من أمتي الأوثان ، وإنه سيكون في أمتي كذابون ثلاثون ، كلهم يزعم أنه نبيالله ، وأنا خاتم النبيين ، ولا نبي بعد
നബി(സ) പറഞ്ഞു: എന്‍റെ സമുദായത്തിലെ ചില ഗോത്രങ്ങള്‍ അവിശ്വാസികളുമായി ചേരുകയും അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്യുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല. അത് പോലെ എന്‍റെ സമുദായത്തില്‍ നിന്ന് മുപ്പത് കള്ളവാദികള്‍ വരും. അവരെല്ലാം താന്‍ പ്രവാചകനാണെന്ന് വാദിക്കും. ഞാന്‍ അന്ത്യ പ്രവാചകനാണ്‌. എനിക്ക് ശേഷം പ്രവാചകനില്ല. (അബൂദാവൂദ്)


11-  സമ്പല്‍സമൃദ്ധി വര്‍ദ്ധിക്കും
ഇസ്ലാമിന്‍റെ ആവിര്‍ഭാവകാലത്ത് പ്രവാചകനും അനുയായികളും അങ്ങേയറ്റം ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരുന്നു. അവരില്‍ പലര്‍ക്കും വയറ് നിറച്ച് ആഹാരം കഴിക്കാനോ, ഉടുതുണിക്ക്‌ മറുതുണി മാറ്റാനോ വകയുണ്ടായിരുന്നില്ല. ഇന്ന് ആളുകളുടെ അവസ്ഥ മാറുകയും സാമ്പത്തികമായി വളരെ പുരോഗതി കൈവരിക്കുകയും ചെയ്തു. ഇനി വരും നാളുകളില്‍ സമ്പല്‍ സമൃദ്ധി ഇതിന്‍റെ അനേകമിരട്ടി വര്‍ദ്ധിക്കും നബി(സ) പറഞ്ഞു:
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: "لا تقوم الساعة حتى يكثر المال ويفيض. حتى يخرج الرجل بزكاة ماله فلا يجد أحدا يقبلها منه وحتى تعود أرض العرب مروجا وأنهارا"  

അബൂ ഹുറൈറ(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യ ദിനം വരികയില്ല സമ്പത്ത് വര്‍ദ്ധിച്ച് ഒഴുകുന്നത് വരെ, എത്രത്തോളമെന്നാല്‍ ഒരാള്‍ തന്‍റെ സകാത്ത് ധനവുമായി പുറപ്പെടും. അത് അവനില്‍ നിന്ന് സ്വീകരിക്കുവാന്‍ ആരെയും കാണുകയില്ല. അത്പോലെ അറബ്ഭൂമി പച്ച പിടിച്ചതും പുഴകളുള്ളതുമായിരിക്കും, (മുസ്‌ലിം) 

12-  അക്രമികളുടെ അരങ്ങേറ്റം
അക്രമികള്‍ ലോകത്ത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജനങ്ങളെ ദ്രോഹിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന അക്രമികളുടെ വ്യാപനവും അരങ്ങേറ്റവും അന്ത്യദിനത്തിന്‍റെ അടയാളമാണ്.
رجال معهم اسياط كأذناب البقر يضربون بها النّاس
നബി(സ) പറഞ്ഞു: ചില ആളുകളുണ്ടാവും അവരുടെ അടുക്കല്‍ പശുക്കളുടെ വാലുകള്‍ പോലുള്ള ചാട്ടവാറുണ്ടാകും. അവര്‍ അതുകൊണ്ട് ജനങ്ങളെ അടിക്കും.(മുസ്‌ലിം)
13-  കൊലപാതകങ്ങള്‍ വര്‍ദ്ധിക്കും
ആദമിന്‍റെ ഒരു മകന്‍ മറ്റേ മകനെ കൊല ചെയ്തതാണ് ഭൂമിയിലെ ആദ്യത്തെ കൊലപാതകം. കൊലപാതകങ്ങള്‍ പിന്നീട് ഇല്ലാതായിട്ടില്ല. മാനവ ചരിത്രത്തില്‍ അതിന് ശേഷം അനവധി കൊലപാതകങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകങ്ങള്‍ പൂര്‍വ്വോപരി വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് പത്ത് കൊലപാതകങ്ങളുടെ വാര്‍ത്തയെങ്കിലും പ്രാദേശിക പത്രങ്ങളുടെ താളുകളില്‍ തന്നെ കാണാം. ഇങ്ങിനെ കൊലപാതകങ്ങള്‍ പെരുകുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളുടെ കൂട്ടത്തിലാണ് പ്രവാചകന്‍ എണ്ണിയിട്ടുള്ളത്.
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : وَالَّذِي نَفْسِي بِيَدِهِ ، لَا تَذْهَبُ الدُّنْيَا حَتَّى يَأْتِيَ عَلَى النَّاسِ يَوْمٌ لَا يَدْرِي الْقَاتِلُ فِيمَ قَتَلَ ، وَلَا الْمَقْتُولُ فِيمَ قُتِلَ ، فَقِيلَ : كَيْفَ يَكُونُ ذَلِكَ ؟ قَالَ : الْهَرْجُ ، الْقَاتِلُ وَالْمَقْتُولُ فِي النَّارِ
നബി(സ) പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. ഈ ലോകം അവസാനിക്കുകയില്ല ഒരു നാള്‍ വരുന്നത് വരെ. അന്ന് കൊല്ലുന്നവന് താന്‍ എന്തിനാണ് കൊല്ലുന്നതെന്നോ കൊല്ലപ്പെട്ടവന്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്നോ അറിയുകയില്ല.(മുസ്‌ലിം)
ആധുനിക കാലത്ത് യുദ്ധങ്ങളിലൂടെയും മറ്റും കൊല്ലപ്പെടുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. ഉദാഹരണത്തിന് ഒന്നാം ലോക മഹാ യുദ്ധത്തില്‍ 15 മില്ല്യണ്‍ ആളുകളാണ് കൊല്ലപ്പെട്ടത്. രണ്ടാം ലോക മഹാ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 65 മില്ല്യണ്‍ ആണ്. വിയറ്റ്നാം യുദ്ധം, റഷ്യന്‍ ആഭ്യന്തര യുദ്ധം, ഇറാന്‍- ഇറാഖ് യുദ്ധം, ഇറാഖ് - അഫ്ഗാന്‍ അധിനിവേശം. എന്നിവിടങ്ങളിലെല്ലാം കൊല നടത്തിയവര്‍ക്കും കൊല്ലപ്പെട്ടവര്‍ക്കും എന്തിന് ഈ അപരാധം എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇല്ല.


14-  വിശ്വസ്ഥത നഷ്ടപ്പെടുക
വിശ്വസ്ഥത മാനവ സ്വഭാവഗുണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. പ്രവാചകന്‍റെ അനുചരന്മാരും ഉത്തമ നൂറ്റാണ്ടുകളിലുള്ളവരും അത് അങ്ങേയറ്റം കാത്ത് സൂക്ഷിച്ചിരുന്നു. ജാഹിലിയ്യ കാലത്തും വിശ്വസ്ഥത പുകഴ്ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് ഈ സലഗുണം നഷ്ടപ്പെടുന്നതായിട്ടാണ് കാണപ്പെടുന്നത്. ജനങ്ങള്‍ക്ക്‌ വിശ്വസ്ഥത നഷ്ടപ്പെടുന്നത് അന്ത്യദിനത്തിന്‍റെ അടയാളമായിട്ടാണ് പ്രവാചകന്‍ എണ്ണിയത്.

അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. ഒരിക്കല്‍ നബി(സ) ഒരു സദസ്സിലിരുണ്ണ്‍ ഒരു ജനതയോട് സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അപരിഷ്കൃത അറബി വന്നിട്ട് ചൊദിച്ചു. എപ്പോഴാണ് അന്ത്യദിനം. നബി(സ) സംസാരം തുടര്‍ന്നു കൊണ്ടിരുന്നു. ചിലര്‍ പറഞ്ഞു: നബി(സ) അവന്‍ ചോദിച്ചത് കേട്ടിരിക്കും പക്ഷെ ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കാം. ചിലര്‍ പറഞ്ഞു: നബി(സ) ചോദിച്ചത് കേട്ടിരിക്കില്ല. നബി(സ) സംസാരം കഴിഞ്ഞതിന് ശേഷം ചോദിച്ചു. അന്ത്യദിനത്തെക്കുറിച്ച് ചോദിച്ചവനെവിടെ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരെ ഞാന്‍ ഇതാ. നബി(സ) പറഞ്ഞു: അമാനത്ത്(വിശ്വസ്ഥത) നഷ്ടപ്പെട്ടാല്‍ നീ അന്ത്യദിനം പ്രതീക്ഷിക്കുക. അദ്ദേഹം ചോദിച്ചു. എങ്ങിനെയാണ് അത് നഷ്ടപ്പെടുക. നബി(സ) പറഞ്ഞു: കാര്യം അനര്‍ഹരിലേക്ക് ഏല്‍പ്പിക്കപ്പെട്ടാല്‍ നീ അന്ത്യദിനം പ്രതീക്ഷിക്കുക. (ബുഖാരി)


15-  പൂര്‍വ്വ സമുദായങ്ങളെ പിന്തുടരുക
മുഹമ്മദ്‌ നബി(സ)ക്ക് മുമ്പ് ദൈവദൂതനന്മാരായി നിയോഗിക്കപ്പെട്ട മൂസാ, ഈസാ എന്നീ പ്രവാചകന്മാരുടെ അനുയായികളാണ് പ്രധാനമായും പൂര്‍വ്വ സമുദായങ്ങള്‍ എന്ന് പറയുന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. ജൂത-ക്രൈസ്തവരെ അനുകരിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നത് അന്ത്യദിനത്തിന്‍റെ അടയാളമായിട്ടാണ് റസൂല്‍ എണ്ണിയിട്ടുള്ളത്. 

 وعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا تَقُومُ السَّاعَةُ حَتَّى تَأْخُذَ أُمَّتِي بِأَخْذِ الْقُرُونِ قَبْلَهَا شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ فَقِيلَ يَا رَسُولَ اللَّهِ كَفَارِسَ وَالرُّومِ فَقَالَ وَمَنْ النَّاسُ إِلَّا أُولَئِك" [البخارى]

അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: എന്‍റെ സമുദായം അവര്‍ക്ക് മുമ്പുള്ള തലമുറകളെ ചാണിനു ചാണായും മുഴത്തിന് മുഴമായും എടുക്കുന്നത് വരെ അന്ത്യദിനം വരികയില്ല. അപ്പോള്‍ റസൂലിനോട്!  അവര്‍ റോമാക്കാരും പേര്‍ഷ്യക്കാരുമാണോ? എന്ന് ആരാഞ്ഞു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അക്കൂട്ടരല്ലാതെ പിന്നെ ജനങ്ങളായി ആരുണ്ട്. (ബുഖാരി)


16-  അടിമസ്ത്രീ യജമാനന് ജന്മം നല്‍കുക
അന്ത്യദിനത്തിന്‍റെ അടയാളങ്ങളിലൊന്നായി പ്രവാചകന്‍ പഠിപ്പിച്ചത് അടിമ സ്ത്രീ യജമാനനെ പ്രസവിക്കുമെന്നാണ്.

وسأخبرك عن أشراطها إذا ولدت الأمة ربها
ഇതിന്‍റെ അടയാളങ്ങളെക്കുറിച്ച് ഞാന്‍ താങ്കള്‍ക്ക് അറിയിച്ച് തരാം. അടിമസ്ത്രീ തന്‍റെ രക്ഷിതാവിനെ പ്രസവിച്ചാല്‍. (ബുഖാരി)

സ്വതന്ത്രരായ വ്യക്തികള്‍ തങ്ങളുടെ കീഴിലുള്ള അടിമസ്ത്രീകളുമായി ബന്ധപ്പെടുകയും അതിലൂടെ ജനിക്കുന്ന കുഞ്ഞ് പ്രസ്തുത അടിമയുടെ യജമാനനായി മാറുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്കൊണ്ട് വിവക്ഷിക്കുന്നത് എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. അടിമകളുടെ സന്തതികള്‍ ലോക നേതാക്കളും ഭരണാധികാരികളും ആയിത്തീരുന്ന അവസ്ഥയാണിതെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അവസാന കാലത്ത് ആളുകള്‍ തങ്ങളുടെ മാതാക്കളോട് അടിമകളെ പോലെ പെരുമാറുന്നതിനെകുറിച്ചാണ് പ്രസ്തുത വചനമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. അവസാനം പറഞ്ഞ രണ്ടു വ്യാഖ്യാനങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഈ പ്രതിഭാസങ്ങള്‍ ഇപ്പോള്‍ ലോകത്ത് വര്‍ധിച്ച് വരികയാണ്.

17-  കെട്ടിടങ്ങളുടെ ഉയരം
ആധുനിക കാലത്ത് അംബരചുംബികളായ കെട്ടിടങ്ങള്‍ അഭിമാനത്തിന്‍റെ ഭാഗമായിരിക്കയാണ്. ശദക്കണക്കിന് നിലകളുള്ള ഫ്ലാറ്റുകളും ഭാവന സമുച്ചയങ്ങളും ഇന്ന് മിക്ക രാജ്യങ്ങളിലുമുണ്ട്. രാജ്യത്ത് അല്ലെങ്കില്‍ ലോകത്ത് ഏറ്റവും ഉയരം കൂടിയ കെട്ടിടം ഞങ്ങളുടേതാണ് എന്ന് ഊറ്റം കൊള്ളുന്നവരെയും നമുക്ക് കാണാം. ജനങ്ങള്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ച് പൊങ്ങച്ചവും പെരുമയും നടിക്കുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. നബി(സ) പറഞ്ഞു:

وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ

പാദരക്ഷയും ഉടുതുണിയും ഇല്ലാത്ത ആശ്രിതരും ആടുമേക്കുന്നവരുമായ ആളുകള്‍ കെട്ടിടങ്ങളുടെ ഉയര്‍ച്ചയില്‍ പെരുമ നടിക്കുന്നത് നിനക്ക് കാണാം. (മുസ്ലിം)

ആടിനെ മേച്ച്‌ നഗ്നപാദരായി വിശപ്പും പേറി ആശ്രിതരായി നടന്നിരുന്നവര്‍ ആരാണ് എന്ന ചോദ്യത്തിന് അറബികള്‍ എന്നാണ് പ്രവാചകന്‍ മറുപടി പറഞ്ഞത്. അനേകം നിലകളുള്ള ഫ്ലാറ്റുകളും ടവറുകളും ലോകത്ത് എല്ലാ രാജ്യങ്ങളിലും ഇന്ന് കാണുന്നെങ്കിലും കെട്ടിടങ്ങളുടെ ഉയര്‍ച്ചയില്‍ പെരുമ നടിക്കുന്ന സ്വഭാവം അറബികള്‍ക്കിടയില്‍ വ്യാപകമാണ്.


18-  വസ്ത്രം ധരിച്ച നഗ്നകള്‍
ആകര്‍ഷകമായ ശാരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആളുകളെ ആകര്‍ഷിക്കാനുള്ള വാഞ്ഛ സ്ത്രീ സഹജമായ ഒരു ദൗര്‍ബല്യമാണ്. മാന്യമായ വസ്ത്രധാരണം എല്ലാ മതങ്ങളും സമുദായങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണ്. സുതാര്യവും ഇറുകിയതുമായ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് സൗന്ദര്യ പ്രദര്‍ശനം നടത്തുന്ന സ്ത്രീകളുടെ അരങ്ങേറ്റം അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്.

نساء كاسيات عاريات مميلات مائلات رءوسهن كأسنمة البخت المائلة لا يدخلن الجنة ولا يجدن ريحها وإن ريحها ليوجد من مسيرة كذا وكذا.

ചില സ്ത്രീകള്‍ അവര്‍ വസ്ത്രം ധരിച്ചവരും നഗ്നരുമാണ്. ചാഞ്ഞും ചെരിഞ്ഞും നടക്കുന്നവരുമാണ്. അവരുടെ ശിരസ്സുകള്‍ ഒട്ടകങ്ങളുടെ പൂഞ്ഞ പോലിരിക്കും. അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അതിന്‍റെ വാസന പോലും അവര്‍ അനുഭവിക്കുകയില്ല. അതിന്‍റെ സുഗന്ധം ഇത്രയിത്ര വഴിദൂരം എത്തും. (മുസ്‌ലിം)


19-  വ്യാപാര വ്യാപനം
വ്യാപാര രംഗത്ത് വമ്പിച്ച പുരോഗതി കൈവരിച്ച ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആഗോളവത്കരണത്തിന്‍റെ ഭാഗമായി ഇന്ന് ലോകത്ത് എല്ലായിടത്തും വിളയുന്ന വിഭവങ്ങളും, നിര്‍മ്മിക്കപ്പെടുന്ന ഉപകരണങ്ങളും ഏറെക്കുറെ എല്ലായിടത്തും എത്തുന്നു. കച്ചവടവും വ്യാപാരവും പൂര്‍വ്വോപരി വളരുകയും ചെയ്യുന്നതും അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്.


عن النبي صلى الله عليه وسلم قال : بين يدي الساعة : تسليم الخاصة, وفشوّ التجارة حتى تعين المرأة زوجها على التجارة ، وقطع الأرحام, وفشوّ القلم, وظهور الشهادة بالزورِ, وكتمان شهادة الحق.

നബി(സ) പറഞ്ഞു: അന്ത്യദിനത്തിന്‍റെ മുന്നോടിയാണ്; പ്രത്യേകക്കാരോട് മാത്രം അഭിവാദ്യം ചെയ്യല്‍, കച്ചവടത്തിന്‍റെ വ്യാപനം, എത്രത്തോളമെന്നാല്‍ ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ കച്ചവടത്തില്‍ സഹായിക്കും. കുടുംബ ബന്ധത്തിന്‍റെ വിഛേദനം, പേനയുടെ വ്യാപനം, കള്ളസാക്ഷ്യത്തിന്‍റെ പ്രകടനം, സത്യസാക്ഷ്യം മറച്ചുവെക്കപ്പെടും (അബൂദാവൂദ്)

ഈ ഹദീസില്‍ പേനയുടെ വ്യാപനം എന്നത്കൊണ്ട് ഉദ്ദേശ്യം എഴുത്തുപകരണങ്ങളുടെ വ്യാപനമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോട് കൂടി ഇന്ന് കാര്യങ്ങള്‍ എഴുതാനും രേഖപ്പെടുത്താനും ഒട്ടനവധി ഉപകരണങ്ങളും സംവിധാനങ്ങളമുണ്ട്.

20-  അറിവിന്‌ പകരം അജ്ഞത
വിജ്ഞാന വിസ്ഫോടനം നടക്കുന്ന ഈ കാലഘട്ടത്തിലും മതവിജ്ഞാനത്തെക്കുറിച്ചുള്ള അജ്ഞതക്ക് ഒട്ടും കുറവില്ല. ഭാഷ, സാഹിത്യം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങി വിജ്ഞാനത്തിന്‍റെ വിവിധ മേഖലകളിലുള്ള പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും ജനങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുമെങ്കിലും മതപരമായ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നത് പലര്‍ക്കും അലര്‍ജിയാണ്.

 قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ بَيْنَ يَدَيْ السَّاعَةِ لَأَيَّامًا يَنْزِلُ فِيهَا الْجَهْلُ وَيُرْفَعُ فِيهَا الْعِلْمُ

നബി(സ) പറഞ്ഞു: അന്ത്യദിനത്തിന്‍റെ മുന്നോടിയായി ചില ദിനങ്ങളുണ്ടാകും, അന്ന് അജ്ഞത ഇറങ്ങുകയും അറിവ് ഉയര്‍ത്തപ്പെടുകയും ചെയ്യും. (ബുഖാരി)

21-  പിശുക്ക് വര്‍ദ്ധിക്കും

സാമ്പത്തിക ശേഷിയുള്ളവര്‍ ആവശ്യത്തിന് പണം ചെലവഴിക്കാതിരിക്കുന്ന മനസ്ഥിതിക്കാണ് പിശുക്ക് എന്ന്‍ പറയാറുള്ളത്. പണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പിശുക്കും വര്‍ദ്ധിക്കുമെന്നത് ഒരു വിരോധാഭാസമാണ്. ഭൂത വര്‍ത്തമാന പുരോഗതിയും വളര്‍ച്ചയുമാകുമെങ്കിലും, ദൈവമാര്‍ഗ്ഗത്തിലും നല്ല കാര്യങ്ങള്‍ക്കും പണം ചെലവഴിക്കാന്‍ ജനങ്ങള്‍ക്ക് വിമുഖതയായിരിക്കും.

إن من أشراط الساعة أن يظهر الشح

നബി(സ) പറഞ്ഞു: പിശുക്ക് പ്രകടമാകുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. (ത്വബറാനി)


22-  ചീത്ത അയല്‍പക്കം
അധാര്‍മ്മികമായ വാക്കുകളുടെയും പ്രവര്‍ത്തികളുടെയും വ്യാപനം അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. അതോടൊപ്പം കുടുംബ ബന്ധവും അയല്‍പക്കബന്ധവും മോശമായിത്തീരുകയും ചെയ്യും.

لا تقوم الساعة حتى يظهر الفحش, وقطيعة الرحم, وسوء الجوار

നബി(സ.അ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല, അസഭ്യം വര്‍ദ്ധിക്കുകയും. കുടുംബബന്ധം വിഛേദിക്കപ്പെടുകയും, ചീത്ത അയല്‍പക്കം വ്യാപിക്കുകയും ചെയ്യുന്നത് വരെ.(അഹമദ്)

23-  മഹാന്മാരുടെ വിയോഗം, വിഡ്ഢികളുടെ ആഗമനം
മഹാന്മാരും ദാര്‍ശനികരും ബുദ്ധിജീവികളും പണ്ഡിതരുമായ സമൂഹത്തിലെ ആദരണീയ വ്യക്തിത്വങ്ങള്‍ വിട പറയുകയും തല്‍സ്ഥാനത്ത് വിഡ്ഢികളും വിവരദോഷികളുമായവര്‍ രംഗപ്രവേശനം ചെയ്യുന്നതും അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍പെട്ടതാണ്.
عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أَنَّهُ قَالَ : " وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ ، لا تَقُومُ السَّاعَةُ حَتَّى يَظْهَرَ الْفُحْشُ وَالْبُخْلُ ، وَيُخَوَّنَ الأَمِينُ ، وَيُؤْتَمَنَ الْخَائِنُ ، وَيَهْلِكَ الْوُعُولُ ، وَتَظْهَرَ التَّحُوتُ "
നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല പിശുക്കും തോന്നിവാസവും പ്രകടമാകുന്നത് വരെ. വിശ്വസ്തന്‍ ചതിക്കപ്പെടുകയും ചതിയനെ അമാനത്ത് ഏല്‍പ്പിക്കപ്പെടുകയും ചെയ്യും. മഹാന്മാര്‍ നശിക്കുകയും അധമര്‍ രംഗത്ത് വരികയും ചെയ്യും. (ത്വബറാനി)
24-  ധനത്തിന്‍റെ സ്രോതസ്സ് ഗൗനിക്കാതിരിക്കുക
ധനസമ്പാദനത്തിനുള്ള ത്വര മനുഷ്യര്‍ക്ക് ജന്മസിദ്ധമാണ്. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്. അവസാനത്തെ കാലത്ത് ജനങ്ങള്‍ക്ക് ഭയഭക്തിയും മതബോധവും കുറയുന്നത് കൊണ്ട് ധനസമ്പാദന രംഗത്ത് അവര്‍ എല്ലാ മൂല്യങ്ങളും കാറ്റില്‍ പരത്തുകയും, സമ്പത്തിന്‍റെ ഉറവിടങ്ങളുടെ സത്യസന്ധതകളെകുറിച്ച് അന്യേഷിക്കാതിരിക്കുകയും തനിക്ക് അര്‍ഹാമായതാണോ അല്ലെങ്കില്‍ അനുവദനീയമാണോ എന്നൊന്നും അന്യേഷിക്കാതെ സമ്പത്ത് വാരിക്കൂട്ടുകയും ചെയ്യും.
عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ لا يُبَالِي الْمَرْءُ بِمَا أَخَذَ الْمَالَ بِحَلالٍ أَوْ حَرَامٍ "


നബി(സ) പറഞ്ഞു: ജനങ്ങള്‍ക്ക് ഒരു കാലം വരും അന്ന് മനുഷ്യര്‍ താന്‍ സമ്പാദിക്കുന്ന ധനം അനുവദനീയമായതില്‍ നിന്നാണോ നിഷിദ്ധമായതില്‍ നിന്നാണോ എന്ന കാര്യം വിലവെക്കുകയില്ല. (ബുഖാരി)



25-  ദൈവ പ്രീതിക്ക് വേണ്ടിയല്ലാതെ അറിവ് ആര്‍ജ്ജിക്കും
അറിവ് ആര്‍ജ്ജിക്കുന്നത് ഇസ്ലാമില്‍ വളരെ മഹത്തായ ഒരു പുണ്ണ്യകര്‍മ്മമാണ്. നബി(സ) പറഞ്ഞു: അല്ലാഹുവും അവന്‍റെ മലക്കുകളും, ആകാശഭൂമിയിലുള്ളവരും, മാളങ്ങളിലുള്ള ഉറുമ്പുകളും, സമുദ്രങ്ങളിലെ മത്സ്യങ്ങളും, ജനങ്ങള്‍ക്ക് നന്മ പഠിപ്പിച്ചു കൊടുക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും. എന്നാല്‍ അവസാന കാലത്ത് ആളുകള്‍ ഭൗതിക നേട്ടത്തിന് വേണ്ടി അറിവ് തേടുകയും പാരത്രിക മോക്ഷം അവഗണിക്കുകയും ചെയ്യും. 

قال رسول الله صلى الله عليه وسلم... وتعلم لعير الدين
നബി(സ) പറഞ്ഞു: മതത്തിന് വേണ്ടിയല്ലാതെ അറിവ് നേടും (തുര്‍മുദി)



26-  ഭാര്യയെ അനുസരിക്കുകയും മാതാപിതാക്കളെ ധിക്കരിക്കുകയും ചെയ്യും.
മാതാപിതാക്കളോട് പുണ്ണ്യം ചെയ്യുന്നത് മതത്തില്‍ അതിപ്രധാനമായ ഒരു പുണ്ണ്യ കര്‍മ്മമാണ്‌. അല്ലാഹുവിനെ ആരാധിക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യുന്നതിന്നാണ്. ഇസ്‌ലാം മാതാപിതാക്കളുടെ സംരക്ഷണത്തെക്കുറിച്ച്  ഉത്ബോധിപ്പിക്കുന്നെങ്കിലും മക്കളുടെ കാര്യം അത്രയൊന്നും ഊന്നിപറയുന്നതായി കാണുന്നില്ല. കാരണം മക്കളെ പരിപാലിക്കുക എന്നത് ഒരു ജന്തുസഹജമായ സ്വഭാവഗുണമാണ്. ലോകത്തുള്ള എല്ലാ മൃഗങ്ങളും പക്ഷികളും ജന്തുക്കളുമെല്ലാം അവയുടെ മക്കളെ പരിപാലിക്കുന്നതായി നമുക്ക് കാണാം. എന്നാല്‍ മാതാപിതാക്കളെ, പ്രത്യേകിച്ചും പ്രായമായവരെ പരിപാലിക്കുക എന്ന സവിശേഷ ഗുണം മനുഷ്യരിലല്ലാതെ ഒരു ജീവിയിലും കാണപ്പെടുന്നില്ല. സ്വന്തം ഇണകളോടുള്ള പെരുമാറ്റവും അപ്രകാരം തന്നെ സകല ജീവികളിലും കാണപ്പെടുന്നു. സ്വന്തം മക്കള്‍ക്കും ഭാര്യമാര്‍ക്കും പുണ്യം ചെയ്യുന്ന പലരും മാതാപിതാക്കളെ അവഗണിക്കുന്ന കാഴ്ച ഇന്ന് ധാരാളമാണ്. അവസാന കാലത്ത് ഇത് ഒന്നുകൂടി വര്‍ദ്ധിക്കുകയും ജനങ്ങള്‍ തങ്ങളുടെ ഭാര്യമാരുടെ കല്‍പ്പനകള്‍ ശിരസാവഹിക്കുകയും മാതാപിതാക്കളെ അവഗണിക്കുകയും ചെയ്യും.

قال رسول الله - صلى الله عليه وسلم- ....وأطاع الرجل امرأته وعق أمه وأدنى صديقه وأقصى أباه

നബി(സ) പറഞ്ഞു: ഒരു മനുഷ്യന്‍ തന്‍റെ ഭാര്യയെ അനുസരിക്കുകയും മാതാവിനെ ധിക്കരിക്കുകയും ചെയ്യും. കൂട്ടുകാരനെ അടുപ്പിക്കുകയും പിതാവിനെ അകറ്റുകയും ചെയ്യും (തുര്‍മുദി)

27-  തെമ്മാടികള്‍ നേതാക്കളാകും.
ലോക ജനങ്ങളെ കയ്യിലെടുത്ത നേതാക്കളെല്ലാം ഉത്തമമായ സ്വഭാവഗുണങ്ങളുടെ വക്താക്കളായിരുന്നു.  മുഹമ്മദ്‌ നബി(സ)ക്ക് ജനമനസ്സുകളെ കീഴടക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്‍റെ സ്വഭാവമഹിമ കൊണ്ടാണ്. നേതൃരംഗത്ത് വരുന്നവരുടെ കാര്യം പരിശോദിക്കുകയാണെങ്കില്‍ വിദ്യാഭ്യാസവും കഴിവും യോഗ്യതയും പ്രായവും പക്വതയുമെല്ലാമാണ് പരിഗണിക്കപ്പെടാറ്. എന്നാല്‍ അവസാനകാലത്ത് ഈ മാനദണ്ഡങ്ങളും മുന്‍ഗണനകളും കീഴ്മേല്‍ മറിയുകയും തെമ്മാടികളും തോന്നിവാസികളും നീചന്മാരും നേതാക്കളായി മാറുകയും ചെയ്യും. തന്നെയുമല്ല, ജനങ്ങള്‍ ചിലരെ അവരുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി അവരെ നേതാക്കളായി വാഴിക്കുകയും ചെയ്യും.

قال رسول الله صلى الله عليه وسلم     وَسَادَ الْقَبِيلَةَ فَاسِقُهُمْ, وَكَانَ زَعِيمُ الْقَوْمِ أَرْذَلَهُمْ ,وَأُكْرِمَ الرَّجُلُ مَخَافَةَ شَرِّهِ 

നബി(സ) പറഞ്ഞു: ഒരു ഗോത്രത്തിലെ തെമ്മാടി അവരുടെ നേതാവാകും. ഒരു ജനതയിലെ ഏറ്റവും നീചന്‍ അവരുടെ നേതാവാകും. ഒരാളുടെ തിന്മയില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ടി അവന്‍ ആദരിക്കപ്പെടും. (ത്വബറാനി)


28-  പള്ളികള്‍ അലങ്കരിക്കപ്പെടും
അവസാനകാലത്ത് പള്ളികള്‍ വര്‍ദ്ധിക്കുകയും, അവ അലങ്കരിക്കപ്പെടുകയും ചെയ്യുമെങ്കിലും അവയില്‍ ദൈവഭക്തിയും ആരാധനാ കര്‍മങ്ങളും കുറവായിരിക്കും.   തന്നെയുമല്ല അറിവും പക്വതയുമില്ലാത്തവര്‍ മിമ്പറുകളില്‍ അവരോധിക്കപ്പെടുകയും ചെയ്യും.

قال رسول الله صلى الله عليه وسلم  وقعدت الحملان على المنابر, واتخذوا القرآن مزامير, وزخرفت المساجد, ورفعت المنابر

നബി(സ) പറഞ്ഞു: പ്രായമില്ലാത്തവര്‍ മിമ്പറുകളില്‍ ഇരിക്കും, അവര്‍ ഖുര്‍ആന്‍ സംഗീതാത്മകമാക്കും, പള്ളികള്‍ അലങ്കരിക്കപ്പെടുകയും മിമ്പറുകള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും. (ത്വബറാനി)

29-  പട്ടും വ്യഭിചാരവും അനുവദനീയമായി ഗണിക്കും
ഇസ്ലാമിക നിയമപ്രകാരം പുരുഷന്മാര്‍ക്ക് പട്ടുവസ്ത്രം ധരിക്കുന്നത് നിഷിദ്ധമാണ്. എന്നാല്‍ അവസാനകാലത്ത് ആളുകള്‍ ഈ വിലക്ക് ലംഘിക്കുകയും പട്ടുവസ്ത്രം അനുവദനീയമായി ഗണിക്കുകയും ചെയ്യും. അതുപോലെ മതത്തില്‍ തീര്‍ത്തും നിഷിദ്ധമാക്കപ്പെട്ട വഴിവിട്ട ലൈംഗികബന്ധവും അവസാനകാലത്ത് അനുവദനീയമായി ഗണിക്കും.

قال رسول الله صلى الله عليه وسلم لَيَكُونَنَّ مِنْ أُمَّتى أقْوَامٌ يَسْتَحِلُّونَ الحِرَ والْحَرِيرَ

നബി(സ) പറഞ്ഞു: എന്‍റെ സമുദായത്തില്‍ നിന്ന് ചില വിഭാഗങ്ങള്‍ വരും. അവര്‍ വ്യഭിചാരവും പട്ടും അനുവദനീയമായി കാണും. (ത്വബറാനി)

30-  മദ്യപാനം വര്‍ദ്ധിക്കും
ഇസ്ലാമിന്‍റെ ആഗമനത്തിന് മുമ്പ് ജാഹിലിയ്യ അറബികള്‍ മദ്യത്തിലും മദിരാശിയിലും മതി മറന്ന് ജീവിക്കുന്നവരായിരുന്നു. പിന്നീട് മദ്യം നിഷിദ്ധമാക്കികൊണ്ടുള്ള ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചതോട് കൂടി ജനങ്ങള്‍ ലഹരി പദാര്‍ഥങ്ങള്‍  പാടെ ഉപേക്ഷിച്ചു. കാലം പിന്നിട്ടതോടു കൂടി ചിലര്‍ ഈ വിലക്ക് ലംഘിച്ച് മദ്യപാനം തുടങ്ങി, അവസാന കാലമാകുമ്പോഴേക്കും മദ്യത്തിന്‍റെ കാര്യത്തില്‍ അത് നിഷിദ്ധമാണെന്നതിന്‍റെ ഗൗരവം ഇല്ലാതാക്കുകയും പല പേരുകളിലും അവ അനുവദനീയമാക്കാന്‍ ശ്രമിക്കുകയും ചെയ്യും. അറബ് ഇസ്ലാമിക രാജ്യങ്ങളില്‍ പോലും പരസ്യമായിതന്നെ മദ്യവില്‍പ്പന ഇപ്പോള്‍ നടന്നു വരുന്നുണ്ട്.

أبو مالك الأشعرىّ أنّه سمع رسول الله - صلى الله عليه وسلم - يقول << ليشربنّ ناس من أمّتى الخمر يسمّونها بعير اسمها >>.

അബൂമാലിക്കില്‍ അശ്അരിയില്‍ നിന്നും നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു. നിശ്ചയം എന്‍റെ സമുദായത്തിലെ ആളുകള്‍ മദ്യം കുടിക്കും. അവര്‍ മറ്റ് പേരുകള്‍ അതിന് പറയുകയും ചെയ്യും. (അബൂദാവൂദ്)


31- ജനങ്ങള്‍ മരണം ആഗ്രഹിക്കും
അവസാനകാലത്ത് കുഴപ്പങ്ങളും പരീക്ഷണങ്ങളും വര്‍ദ്ധിക്കുകയും അവയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ആളുകള്‍ മരിച്ചിരുന്നുവെങ്കില്‍ എന്ന്‍ ആഗ്രഹിക്കുകയും ചെയ്യും.

عن أبي هريرة عن النبي صلى الله عليه وسلم قال لا تقوم الساعة حتى يمر الرجل بقبر الرجل فيقول يا ليتني مكانه

അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല, ഒരു മനുഷ്യന്‍ മറ്റൊരു വ്യക്തിയുടെ ഖബറിന്‍റെ അരികിലൂടെ നടന്ന് പോകുകയും, താന്‍ അവന്‍റെ സ്ഥാനത്ത് ആയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് വരെ. (ബുഖാരി)


32- ദുനിയാവിന് വേണ്ടി മതത്തെ വില്‍പ്പന നടത്തും
ഭൗതിക താല്‍പ്പര്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി മതത്തെ വില്‍പ്പന നടത്തുന്ന പ്രവണതയും അന്ത്യനാളിന്‍റെ അടയാളമാണ്.


يبيع أحدهم دينه بعرضٍ مِنَ الدُّنيَا

നബി(സ) പറഞ്ഞു: അവരില്‍ ഒരാള്‍ തന്‍റെ മതത്തെ വില്‍പ്പന നടത്തും ഭൗതിക വിഭവത്തിന് വേണ്ടി (തുര്‍മുദി)



33- പള്ളികള്‍ കൊണ്ട് പെരുമ നടിക്കും.
പള്ളികള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള ഭവനങ്ങളാണ്. അള്ളാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ടാണ് അത് നിര്‍മ്മിക്കേണ്ടത്. എന്നാല്‍ പള്ളികള്‍ അലങ്കരിക്കുകയും അതിന്‍റെ നിര്‍മാണ ചാരുതയില്‍ അഹങ്കരിക്കുകയും ചെയ്യുന്നത് അന്ത്യദിനത്തിന്‍റെ അടയാളമാണ്.

عن أنس(ر) أنّ النّبىّ - صلى الله عليه وسلم - قال << لا تقوم السّاعة حتّى يتباهى النّاس فى المساجد >>.

അനസ്(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല ജനങ്ങള്‍ പള്ളികള്‍ കൊണ്ട് പ്രൌഢി നടിക്കുന്നത് വരെ. ജൂതക്രൈസ്തവര്‍ തങ്ങളുടെ ആരാധനാലയങ്ങള്‍ അലങ്കരിക്കുന്നത് പോലെ മുസ്‌ലിം പള്ളികളും അലങ്കരിക്കപ്പെടും എന്നാണ് ഇബ്നു അബ്ബാസ് ഇതിന് വിശദീകരണമായി പറഞ്ഞിട്ടുള്ളത്. (അഹമദ്)

34- ഭവനങ്ങളുടെ മോടി കൂട്ടും.
ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും മറ്റ് പ്രതികൂല കാലാവസ്ഥകളില്‍ നിന്നും മറ്റും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയാണ് മനുഷ്യര്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. നാഗരിക സാമ്പത്തിക പുരോഗതി വര്‍ദ്ധിച്ചതോടുകൂടി അവര്‍ കൂടുതല്‍ മെച്ചപ്പെട്ട സുഖസൗകര്യങ്ങള്‍ ഭവനങ്ങളില്‍ സംവിധാനിക്കാന്‍ തുടങ്ങി. വര്‍ത്തമാനകാലത്ത് വീട് നിര്‍മ്മാണത്തിലെ പരിഷ്കാരങ്ങള്‍ വിസ്മയകരമാണ്. പണം ഒഴുകുന്ന അവസാന കാലത്ത് ഭവനങ്ങള്‍ ഇതിലേറെ അലംകൃതമായിരിക്കും.

عن أبي هريرة (ر) قال: قال رسول الله صلى الله عليه وسلم: لا تقوم السّاعة حتّى يبني النّاس بيوتًا يوشونها وشيَ المراحيل

നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല  ജനങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കുകയും അലങ്കാര വസ്ത്രങ്ങള്‍ അലങ്കരിക്കുന്നത് പോലെ അലങ്കരിക്കുകയും ചെയ്യുന്നത് വരെ. (അദബുല്‍ മുഫ്റദ്)


35- ഇടിത്തീകള്‍ വര്‍ദ്ധിക്കും.
കാലവര്‍ഷത്തിന്‍റെ തുടക്കത്തിലും തുലാവര്‍ഷത്തിലും ഇടിമിന്നലേറ്റ് ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ ധാരാളമാണ്. ഇടിമിന്നലിനോപ്പം ആകാശത്ത് നിന്ന് തീ വര്‍ഷിക്കുന്ന പ്രതിഭാസത്തെയാണ് ഇടിത്തീ എന്ന് പറയുന്നത്. അവസാനകാലമാകുമ്പോള്‍ ഇത്തരം ഇടിത്തീകള്‍ വര്‍ദ്ധിക്കുകയും അത് കാരണം ധാരാളം പേര്‍ മരിച്ചു വീഴുകയും ചെയ്യും.

عن أبي سعيد الخدري(ر) أنّ رسول الله صلى الله عليه وسلّم قال: "تكثر الصّواعق عند اقتراب السّاعة, حتّى يأتي الرّجل القوم, فيقول: من صعق قبلكم(3) الغداق؟ فيقولون: صعق فلان وفلان"   (4)

അബൂസഈദില്‍ ഖുദ്റി(റ) യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു:  അന്ത്യദിനം അടുക്കുന്നതോടുകൂടി ഇടിത്തീ വര്‍ദ്ധിക്കും. എത്രത്തോളമെന്നാല്‍, ഒരാള്‍ ഒരു ജനതയുടെ അടുക്കല്‍ ചെന്ന് ചോദിക്കും. ഇന്ന് പ്രഭാതത്തില്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആരാണ് ഇടിത്തീയുടെ പതനമേറ്റത്? അപ്പോള്‍ അവര്‍ പറയും ഇന്ന ഇന്ന ആളുകള്‍ നിലം പതിച്ചിട്ടുണ്ട്. (ഹാകിം)


36- തൂലികയുടെ പ്രചാരം.
പ്രവാചകന്‍റെ കാലത്ത് എഴുത്തും വായനയും അറിയുന്നവര്‍ വളരെ കുറവായിരുന്നു. പിന്നീട് ഈ സ്ഥിതി മാറുകയും അബ്ബാസിയ്യ കാലത്തും അതിനു ശേഷവും വിദ്യാഭ്യാസ രംഗത്ത് കാര്യമായ പുരോഗതി കൈവരികയും ചെയ്തു. നമ്മുടെ കാലത്തും പൂര്‍വ്വികരെ അപേക്ഷിച്ച് എഴുത്തും വായനയും ഇപ്പോള്‍ വര്‍ദ്ധിച്ച് വന്നിരിക്കുകയാണ്. എന്നാല്‍ അവസാനകാലമാകുമ്പോഴേകും പേനയും എഴുത്തും പുസ്തകങ്ങളും വര്‍ദ്ധിക്കും. 

فذكر عن النّبي صلّى الله عليه وسلّم: "أنّ بين يدي السّاعة  ....وظهور القلم"

നബി(സ) പറഞ്ഞു: അന്ത്യദിനത്തിന്‍റെ മുന്നോടിയാണ്...... പേനയുടെ പ്രകടനം. ഗ്രന്ഥങ്ങളുടെ വ്യാപനം. (അഹമദ്)

അറബി ഭാഷയില്‍ പേന എന്ന പദത്തിന് ക്വലം എന്ന പദമാണ് പ്രയോഗിക്കുന്നത്. ക്വലമ എന്ന പദത്തിന് ചെത്തിയുണ്ടാക്കുക എന്നാണ് ഭാഷയില്‍ അര്‍ത്ഥമുള്ളത്. പുരാതന കാലത്തെ പേനകള്‍ മരങ്ങള്‍ ചെത്തിയുണ്ടാക്കി നിര്മ്മിച്ചത് കൊണ്ടായിരിക്കാം പേനക്ക് ക്വലം എന്ന പേര് പ്രയോഗിച്ചത്. എന്നാല്‍ ഇന്ന് ചെത്തിയുണ്ടാക്കുന്ന പേനകള്‍ക്ക്‌ വംശനാശം സംഭവിച്ചു. പകരം അനവധി നിരവധി മോഡലുകള്‍ വന്നു. പിന്നീട് ഡിജിറ്റല്‍ ടെക്നോളജി വന്നതോട് കൂടി പേനയുടെ ഉപയോഗം കീബോര്‍ഡിലേക്കും ടച്ച് സ്ക്രീനിലേക്കും പരിവര്‍ത്തിക്കപ്പെട്ടു. എഴുത്താണികള്‍ക്കും നാരായങ്ങള്‍ക്കും തൂലികകള്‍ക്കും പകരം കാര്യങ്ങള്‍ ലിഖിതമായി രേഖപ്പെടുത്താന്‍ ഇന്ന് അനേകം ഉപകരണങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്. വരും കാലങ്ങളില്‍ അത് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.


37- പുരുഷന്മാര്‍ കുറയും സ്ത്രീകള്‍ വര്‍ദ്ധിക്കും.
അവസാന കാലത്ത് സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ച് വരുമെന്ന് പ്രവാചകന്‍ പ്രവചിച്ചതാണ്. പുരുഷബീജത്തിലെ  X,Y ക്രോമസോമുകളില്‍ Y ക്രോമസോമാണ്‌ ലിംഗനിര്‍ണ്ണയത്തില്‍ ഗണ്യമായ പങ്ക് വഹിക്കുന്നത് എന്നാണു ശാസ്ത്ര മതം. ശാസ്ത്രീയ വിശകലനപ്രകാരം പുരുഷന്മാരാണ് വര്‍ദ്ധിച്ച് വരേണ്ടത്. എന്നാല്‍ സ്ത്രീകള്‍ വര്‍ദ്ധിച്ച് വരുന്നതിന്‍റെ കാരണങ്ങള്‍ ശാസ്ത്രത്തിന് പോലും അജ്ഞാതമാണ്.

إنّ من أشراط السّاعة ....... ويذهب الرّجال وتبقى النّساء حتّى يكون لخمسين امرأةً قيِّم واحدٌ

അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്.... പുരുഷന്മാര്‍  കൊഴിഞ്ഞ് പോകുകയും സ്ത്രീകള്‍ അവശേഷിക്കുകയും ചെയ്യുകയെന്നത്. എത്രത്തോളമെന്നാല്‍ ഒരു പുരുഷന് അമ്പത് സ്ത്രീകളുണ്ടാകും. (മുസ്‌ലിം)


38- ഖുര്‍ആന്‍ പാരായണം വര്‍ദ്ധിക്കും.
മതകാര്യങ്ങളില്‍  അവഗാഹമില്ലാത്ത ഖുര്‍ആന്‍ പാരായണക്കാരുടെ വര്‍ദ്ധന അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍പെട്ടതാണ്.

عن رسول الله صلى الله عليه وسلم, قال: << سيأتى على أمتي زمان تكثر فيه القراء, وتقل  الفقهاء ويقبض العلم 

നബി(സ) പറഞ്ഞു: എന്‍റെ സമുദായത്തിന്‍റെ മേല്‍ ഒരു കാലം വരും. അന്ന് ഖുര്‍ആന്‍ പാരായണക്കാര്‍ വര്‍ദ്ധിക്കും. പണ്ഡിതര്‍ കുറയുകയും അറിവ് ഉയര്‍ത്തപ്പെടുകയും ചെയ്യും.(ഹാക്കിം)

ഖുര്‍ആനിന്‍റെ ആശയം അത് പാരായണം ചെയ്യുന്നവരുടെ തൊണ്ടയില്‍ നിന്ന് അപ്പുറത്തേക്ക് വിട്ട് കടക്കുകയില്ലെന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.

39- ചെറിയവരില്‍ നിന്ന് അറിവ് ആര്‍ജ്ജിക്കപ്പെടും
പ്രായവും പക്വതയുമുള്ളവരില്‍ നിന്നാണ് പൂര്‍വ്വകാലത്ത് ജനങ്ങള്‍ അറിവും മതവിധിയും അന്വേഷിച്ചിരുന്നത്. ഒറ്റപ്പെട്ട ചില ചെറുപ്പക്കാരും മതപണ്ഡിതരായി അറിയപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവസാന നാളുകളില്‍ അറിവുള്ളവര്‍ കൊഴിഞ്ഞ് പോകുന്നത് നിമിത്തം ആളുകള്‍ ചെറിയവരില്‍ നിന്നായിരിക്കും അറിവ് അന്വേഷിക്കുന്നത്.

أنّ النّبيّ صلّى الله عليه وسلّم, قال: إنّ من أشراط السّاعة ثلاثةً: إحداهنّ أن يلتمس العلم عند الأصاغر.

നബി(സ) പറഞ്ഞു: അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ് മൂന്ന് കാര്യം. അതിലൊന്ന് ചെറിയവരോട് അറിവ് അന്വേഷിക്കുന്നതാണ്.  (ത്വബറാനി)


40- ആകസ്മിക മരണം അധികരിച്ചുവരും
വാര്‍ദ്ധക്യം, രോഗങ്ങള്‍ എന്നിവ കാരണം ദീര്‍ഘ നാളുകള്‍ മരണാസാന്നമായി കിടന്നതിന് ശേഷമാണ് മുന്‍കാലങ്ങളില്‍ ആളുകള്‍ മരണപ്പെട്ടിരുന്നത്. തന്‍റെ അവധി അടുത്ത് എന്ന്‍ അറിയുമ്പോള്‍ ഇടപാടുകള്‍ തീര്‍ക്കാനും വസ്വിയത്ത് എഴുതാനും പാപമോചനം നടത്താനും ശഹാദത്ത് കലിമ ചൊല്ലാനും അന്ന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇന്ന് ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം,  വാഹനാപകടം എന്നിവ കാരണം ആളുകള്‍ വളരെ പെട്ടെന്ന് മരണപ്പെടുന്നതായി നമുക്ക് കാണാം. ഇങ്ങിനെ പെട്ടെന്ന് മരണം സംഭവിക്കുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്.

عن أنس بن مالك (ر) قال: قال رسول الله صلّى الله عليه وصلّم: << من اقتراب السّاعة أن يفشو الفالج, وموت الفجأة >>

അനസ് ബിന്‍ മാലിക്(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്‍റെ ദൂദന്‍ പറഞ്ഞു: ആകസ്മിക മരണവും പക്ഷാഘാതവും വര്‍ദ്ധിക്കുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. (ത്വബറാനി)

41- കപടന്മാരും തെമ്മാടികളും നേതാക്കളാകും
വിശ്വാസവും ഭയഭക്തിയുമില്ലാത്ത കപടവിശ്വാസികള്‍ നേതാക്കളായി വാഴുന്നത് അവസാനകാലത്തിന്‍റെ അടയാളമാണ്.

إنَّ مِن أَعلامِ السَّاعَةِ وَأشرَاطِهَا أَن يَسُودَ كُلَّ قَبِيلَةٍ مُنَافِقُوهَا، وَكُلَّ سُوُقٍ فُجَّارُهَا،

അന്ത്യദിനത്തിന്‍റെ അടയാളങ്ങളിലും ലക്ഷണങ്ങളിലും പെട്ടതാണ്, ഓരോ ഗോത്രത്തിന്‍റെയും അതിലെ കപടന്മാര്‍ ഏറ്റെടുക്കും, ഓരോ അങ്ങാടിയിലെയും നേതൃത്വം അതിലെ തെമ്മാടികള്‍ക്കായിരിക്കും (ത്വബറാനി)



42- സമയം വേഗത്തില്‍ കടന്നുപോകുന്നതായി അനുഭവപ്പെടും.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ സമയം പെട്ടെന്ന് കടന്ന് പോകുന്നുവെന്ന വസ്തുത പലരും ശ്രദ്ധിച്ചിരിക്കും. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സകല സംവിധാനങ്ങള്‍ ഉണ്ടായിട്ടും. ആര്‍ക്കും ഒന്നിനും സമയമില്ലാത്ത അവസ്ഥയാണുള്ളത്. എന്നാല്‍ അന്ത്യനാളിനോട് അടുക്കുമ്പോഴും ഇത് വര്‍ദ്ധിച്ച് കൊണ്ടിരിക്കും.

عن أنس بن مالك (ر) قال رسول الله صلى الله عليه وسلم لا تقوم الساعة حتى يتقارب الزمان، فتكون السنة كالشهر، والشهر كالجمعة، وتكون الجمعة كاليوم، ويكون اليوم كالساعة، وتكون الساعة كالضرمة بالنار

അനസ് ബിന്‍ മാലിക്(റ) ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല കാലം അടുത്ത് വരുന്നത് വരെ. അപ്പോള്‍ ഒരു വര്‍ഷം ഒരു മാസം പോലെയാകും.  ഒരു മാസം ഒരു ആഴ്ച പോലെയാകും. ഒരു ആഴ്ച ഒരു ദിവസം പോലെയാകും ഒരു ദിവസം ഒരു മണിക്കൂര്‍ പോലെയാകും. ഒരു മണിക്കൂര്‍ ഒരു തീജ്ജ്വാല പോലെയുമാകും (തിര്‍മുദി) 

43- നീചന്മാര്‍ സൗഭാഗ്യവാന്മാരാകും
ധാര്‍മിക സദാചാര സ്വഭാവ ഗുണങ്ങളില്‍ നിന്നും യാതൊന്നും ഇല്ലാത്ത നീചരും നികൃഷ്ടരും തരം താണവരുമായ ജനങ്ങള്‍ ഏറ്റവും വലിയ സൗഭാഗ്യവാന്മാരായി വിലസുന്നത് അവസാന നാളുകളില്‍ ഉണ്ടാകുമെന്ന് നബി(സ) പ്രവചിച്ചിട്ടുണ്ട്.

قال رسول الله صلى الله عليه وسلم :<< لا تذهب الأيام والليالي حتى يكون أسعد الناس بالدنيا لكع بن لكع

നബി(സ) പറഞ്ഞു: രാപ്പകലുകള്‍ ഇല്ലാതാകുകയില്ല നികൃഷ്ടന്‍ ഭൗതികസുഖങ്ങള്‍ കൊണ്ട് ജനങ്ങളില്‍ വച്ച് ഏറ്റവും വലിയ സൗഭാഗ്യവാനാകുന്നത് വരെ. (ത്വബറാനി)

44- മാര്‍ക്കറ്റുകള്‍ അടുത്ത് വരും.
ആധുനിക കാലത്ത് യാത്രാ സൗകര്യങ്ങള്‍ കാരണം പട്ടണങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞ് വന്നിട്ടുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് വേണമെങ്കില്‍ ലോക വിപണികളില്‍ പോയി വ്യാപാരം നടത്താന്‍ സാധിക്കും.

أنّ رسول الله صَلَّى الله عليه وسلَمَ قَالَ: لَا تَقُومُ السَّاعَةُ حَتَّى تَظهَرَ الفِتَنُ، ويَكثُرُ الكَذِبُ، وَتَتَقَارَبَ الأسواقُ

നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല, കുഴപ്പങ്ങള്‍ പ്രകടമാകുകയും കളവ് വര്‍ദ്ധിക്കുകയും മാര്‍ക്കറ്റുകള്‍ അടുക്കുകയും ചെയ്യുന്നത് വരെ. (അഹമദ്)

അങ്ങാടികള്‍ അടുത്ത് വരിക എന്നതിന് മൂന്ന് വ്യാഖ്യാനങ്ങളാണുള്ളത്.
  1. മാര്‍ക്കറ്റിലെ നിലവാരത്തെക്കുറിച്ചുള്ള അറിവ്.
  2. ഒരു മാര്‍ക്കറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയും.
  3. എല്ലാ മാര്‍ക്കറ്റിലെയും വിലനിലവാരം ഏകദേശം അടുത്ത് വരിക. ഈ മൂന്ന് വ്യാഖ്യാനങ്ങളാണെങ്കിലും ഇപ്പോള്‍ ഈ പ്രതിഭാസം വര്‍ദ്ധിച്ച് വരികയാണ്.

45- ഇതര സമൂഹങ്ങള്‍ മുസ്‌ലീംകളിലേക്ക് മുന്നിടും.
മുസ്‌ലീം സമൂഹം നാളിതുവരെയായി നിരവധി യുദ്ധങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇസ്‌ലാമിന് പുറമെലോകത്ത് നിരവധി മതങ്ങളും പ്രത്യയശാസ്ത്രങ്ങളുമുണ്ട്. ഇവരെല്ലാവരും മുസ്‌ലിംകളുടെ മെക്കിട്ടു കയറുകയും തരം കിട്ടിയാല്‍ ആക്രമിക്കുകയും ചെയ്യാറുണ്ട്.

 قال رسول الله صلى الله عليه وسلم يوشك الأمم أن تداعى عليكم كما تداعى الأكلة إلى قصعتها فقال قائل ومن قلة نحن يومئذ قال بل أنتم يومئذ كثير ولكنكم غثاء كغثاء السيل ولينزعن الله من صدور عدوكم المهابة منكم وليقذفن الله في قلوبكم الوهن فقال قائل يا رسول الله وما الوهن قال حب الدنيا وكراهية الموت

അള്ളാഹുവിന്‍റെ ദൂതര്‍ പറഞ്ഞു: സമുദായങ്ങള്‍ നിങ്ങളുടെ മേല്‍ മുന്നിട്ടു വരും. തീറ്റക്കൊതിയന്മാര്‍ ഭക്ഷണ തളികയിലേക്ക് മുന്നിടുന്നത് പോലെ. അപ്പോള്‍ ഒരാള്‍ ചോദിച്ചു. അന്ന് ഞങ്ങള്‍ കുറഞ്ഞ ആളുകള്‍ ആയത് കൊണ്ടാണോ. നബി (സ) പറഞ്ഞു: അല്ല അന്ന് നിങ്ങള്‍ ധാരാളമാകും. പക്ഷെ നിങ്ങള്‍ മലവെള്ളപ്പാച്ചിലിലെ ചപ്പു ചവറുകള്‍ പോലെയായിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ മനസ്സില്‍ നിന്നും നിങ്ങളെക്കുറിച്ചുള്ള ഭീതി അല്ലാഹു ഊരിയെടുക്കും. നിങ്ങളുടെ ഹൃദയങ്ങളില്‍ ദൗര്‍ബല്യം നിറക്കുകയും ചെയ്യും. ഒരാള്‍ ചോദിച്ചു: എന്താണ്  ദൗര്‍ബല്യം,  നബി (സ) പറഞ്ഞു: ദുന്‍യാവിനോടുള്ള ഭ്രമം മരണത്തോടുള്ള വെറുപ്പ്. (അബൂദാവൂദ്)

46- പള്ളികളില്‍ ഇമാമുകള്‍ക്ക് ദൗര്‍ലഭ്യതയുണ്ടാകും.
മതപരമായ അറിവ് ആര്‍ജ്ജിക്കാന്‍ ആളുകള്‍ തയ്യാറാകാതെ വരുമ്പോള്‍ സമുദായത്തില്‍ ഇമാമുകള്‍ക്ക് ക്ഷാമം നേരിടും. നമസ്കാര സമയത്ത് ഇമാമുകളുടെ ദൗര്‍ലഭ്യം കാരണം ആരെയെങ്കിലും മുന്നോട്ടു തള്ളി ഇമാമായി നിര്‍ത്തേണ്ട ഗതികേട് വരും.

من أشراط الساعة أن يتدافع أهل المسجد لا يجدون إماما يصلي بهم

നബി(സ) പറഞ്ഞു: അന്ത്യദിനത്തിന്‍റെ അടയാളത്തില്‍ പെട്ടതാണ് പള്ളിയുടെ ആളുകള്‍ ഇമാമിന് വേണ്ടി പരസ്പരം തള്ളികൊണ്ടിരിക്കും. അവര്‍ അവരെയും കൊണ്ട് നമസ്കരിക്കാന്‍ ഒരു ഇമാമിനെ കണ്ടെത്തുകയില്ല. (അബൂദാവൂദ്) 
 
47- കളവ് പറയുന്നവര്‍ വര്‍ദ്ധിക്കും.
സത്യസന്ധത നഷ്ടപ്പെടുകയും തലസ്ഥാനത്ത് കളവ് പ്രചരിപ്പിക്കുകയും ചെയ്യുന്നതും അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍പെട്ടതാണ്. 


"قال رسول الله صلى الله عليه وسلم:  "إن بين يدي الساعة كذابين 

നബി(സ) പറഞ്ഞു:തീര്‍ച്ചയായും അന്ത്യദിനത്തിന്‍റെ മുന്നോടിയായി ധാരാളം കളവ് പറയുന്നവരുണ്ടാകും. (മുസ്‌ലിം)


48- ഭൂകമ്പങ്ങള്‍ വര്‍ദ്ധിക്കും.
ഭൂകമ്പങ്ങള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്നതായിട്ടാണ്‌ കാണുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിനിടയില്‍ സംഭവിച്ച വലിയ ഭൂകമ്പങ്ങളെക്കുറിച്ച് പഠനം നടത്തിയതില്‍ നിന്ന് ഈ വസ്തുത മനസ്സിലാക്കാവുന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഭൂചലനങ്ങള്‍ തമ്മിലുള്ള സമയം ഏകദേശം പത്ത് വര്‍ഷമായിരുന്നു. പിന്നീട് ഈ ഇടവേള കുറഞ്ഞ് വന്ന് ഒരു വര്‍ഷത്തില്‍ തന്നെ ഒന്നിലധികം വമ്പിച്ച ഭൂചലനങ്ങള്‍ സംഭവിക്കുന്ന വിധമായിട്ടുണ്ട്. ഇങ്ങിനെ ഭൂചലനങ്ങള്‍ വര്‍ദ്ധിക്കുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്.

قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  لَا تَقُومُ السَّاعَةُ حَتَّى يُقْبَضَ الْعِلْمُ وَتَكْثرَ الزَّلَازِلُ

നബി(സ) പറഞ്ഞു: അന്ത്യദിനം സംഭവിക്കുകയില്ല, അറിവ് ഉയര്‍ത്തപ്പെടുകയും ഭൂചലനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നത് വരെ (ബുഖാരി)

49- ലൈംഗീക സദാചാരം നഷ്ടപ്പെടും.
അവസാന കാലമാകുമ്പോഴേക്കും ലൈംഗീക സദാചാരം പാടെ നഷ്ടപെടുമെന്നാണ് ഹദീസുകള്‍ വ്യക്തമാക്കുന്നത്. വഴികളില്‍ വച്ച് പോലും സ്ത്രീ പുരുഷന്മാര്‍ വേഴ്ച നടത്തുമെന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട്.

إن من أشراط الساعة أن يرفع العلم ويظهر الجهل ويفشو الزنا

അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ് അറിവ് ഉയര്‍ത്തപെടും, അജഞത  പ്രകടമാകും, വ്യഭിചാരം വ്യാപിക്കും(ഇബ്നുമാജ)


50- ഖുര്‍ആന്‍ പാരായണത്തിന് പ്രതിഫലം ആവശ്യപ്പെടും.
ഖുര്‍ആന്‍ പാരായണം അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന ഒരു പുണ്ണ്യകര്‍മ്മമാണ്‌. എന്നാല്‍ അത് പാരായണം ചെയ്ത് അതിന് പ്രതിഫലം വാങ്ങുന്ന അവസ്ഥ സംജാതമാകുന്നത് അന്ത്യദിനത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. ഇംറാനില്‍ നിന്ന് നിവേദനം.

عن عمران(ر) قال: سمعت رسول الله صلى الله عليه وسلم, يقول:  اقْرَءُوا الْقُرْآنَ وَاسْأَلُوا اللَّهَ بِهِ قَبْلَ أَنْ يَأْتِيَ قَوْمٌ يَسْأَلُونَ النَّاسَ بِهِ 

നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക.ഇനി ഒരു ജനത വരും. അവര്‍ ജനങ്ങളോട് ചോദിക്കും.



51- പൊണ്ണത്തടി വര്‍ദ്ധിക്കും.
പ്രവാചകന്‍റെ കാലത്ത് അധിക ജനങ്ങള്‍ക്കും പട്ടിണി മാറ്റാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അക്കാലത്ത് പൊണ്ണത്തടിയും കുറവായിരുന്നു. ആളുകളുടെ തടിയും തൂക്കവും വര്‍ദ്ധിക്കുന്നത് ഒരു ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറിയിട്ടുണ്ട്. ഇന്ന് ലോകജനസംഖ്യയിലെ ആറില്‍ ഒരു ഭാഗം ആളുകള്‍ പൊണ്ണത്തടിയുടെ പ്രശ്നം അനുഭവിക്കുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.

قال النبي صلى الله عليه وسلم إن بعدكم قوما يخونون ولا يؤتمنون ويشهدون ولا يستشهدون وينذرون ولا يفون ويظهر فيهم السمن

നബി(സ) പറഞ്ഞു: നിങ്ങള്‍ക്ക് ശേഷം ഒരു ജനത വരും. അവര്‍ വഞ്ചിക്കും. വിശ്വസ്ഥത പുലര്‍ത്തുകയില്ല. സാക്ഷ്യം വഹിക്കും. അവരോട് സാക്ഷ്യം തേടപ്പെടുകയില്ല. അവര്‍ നേര്‍ച്ച നേരും. അത് പൂര്‍ത്തീകരിക്കുകയില്ല. അവരില്‍ പൊണ്ണത്തടി വര്‍ദ്ധിക്കും.


52- മതവിധികള്‍ ലംഘിക്കപ്പെടും.
അവസാനകാലമാകുമ്പോഴേക്കും ഇസ്‌ലാമിലെ വിധിവിലക്കുകള്‍ ഓരോന്നായി ലംഘിക്കപ്പെടും. ഇന്ന് ഇസ്ലാമിക നാടുകളില്‍ പോലും ഇസ്‌ലാമിക വിധികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നില്ല. അധിക രാജ്യങ്ങളിലും അനന്തരാവകാശത്തിലും വിവാഹരംഗങ്ങളിലും മാത്രമേ ഇസ്ലാമിക ശരീഅത്ത് നടപ്പിലാക്കുന്നുള്ളൂ. കുറ്റകൃത്യങ്ങളിലും സാമ്പത്തിക വ്യാപാരരംഗത്തും അവ പൂര്‍ണ്ണമായി നടപ്പിലാക്കുന്നില്ല.

عن رسول الله  صلى الله عليه وسلم , قال:  لتنقضن عرى الإسلام عروة عروة ، فكلما انتقضت عروة تشبث الناس بالتي تليها ، فأولهن نقضاً الحكم وآخرهن الصلاة 

നബി(സ) പറഞ്ഞു: ഇസ്ലാമിക പാശങ്ങള്‍ ഓരോന്നായി ഉടക്കപ്പെടും.  ഒരു പാശം പൊട്ടുമ്പോള്‍ ജനങ്ങള്‍ തൊട്ടടുത്തതിനെ മുറുകെപ്പിടിക്കും. ആദ്യമായി ലംഘിക്കപെടുന്നത് മതവിധികളാകും. അവസാനത്തേത് നമസ്കാരവും. (ത്വബറാനി)


53- സമ്പത്ത് വര്‍ദ്ധിക്കും.
സാമ്പത്തിക രംഗത്ത് ജനങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വളരെയധികം വളര്‍ന്നിട്ടുണ്ട്. അവസാന കാലത്ത് ആളുകള്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കുകയും തന്മൂലം സക്കാത്ത് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ സംജാതമാകുകയും ചെയ്യും.
قال النبي صلى الله عليه وسلم لا تقوم الساعة حتى يكثر فيكم المال فيفيض حتى يهم رب المال من يقبل صدقته وحتى يعرضه فيقول الذي يعرضه عليه لا أرب لي

നബി(സ) പറഞ്ഞു: നിങ്ങളില്‍ സമ്പത്ത് വര്‍ദ്ധിക്കുന്നത് വരെ അന്ത്യദിനം സംഭവിക്കുകയില്ല. അങ്ങിനെ സമ്പത്ത് ഒഴുകും. എത്രത്തോളമെന്നാല്‍ഒരു ധനവാന്‍ തന്‍റെ ദാനധര്‍മ്മം സ്വീകരിക്കുന്നവനെ അന്വേഷിക്കും. അത്  അവന് കാണുന്ന വിധം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. അപ്പോള്‍ അവന്‍ പറയും എനിക്ക് അതിന് ആവശ്യമില്ല. (ബുഖാരി)



(പൂര്‍ത്തിയായിട്ടില്ല)

(ടി.കെ യൂസുഫ് എഴുതി, KNM പബ്ലിഷിംഗ് വിംഗ് പ്രസിദ്ധീകരിച്ച 'അന്ത്യ ദിനത്തിന്‍റെ അടയാളങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്ന്.)