Tuesday 27 August 2013

പോലിസ് മേധാവിയുടെ നല്ല പെരുമാറ്റത്തില്‍ ആകൃഷ്ടരായ അഞ്ച് പേര്‍ ഇസ്‌ലാം സ്വീകരിച്ചു.



മക്ക: പോലിസ് മേധാവിയുടെ നല്ല പെരുമാറ്റത്തില്‍ ആകൃഷ്ടരായ അഞ്ച് ഏഷ്യന്‍ വംശജര്‍ ഇസ്‌ലാം സ്വീകരിച്ചു. മക്കയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 

മക്കയ്ക്കു സമീപമുള്ള ചില പദ്ധതികളുടെ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന വാഹനം ഡ്രൈവറുടെ അശ്രദ്ധ മൂലം അമുസ്‌ലിമുകള്‍ക്ക് പ്രവേശനമില്ലാത്ത മക്കയ്ക്കുള്ളില്‍ പ്രവേശിച്ചു. ഹറമിന്റെ ഭാഗത്തേക്ക് ഓടിച്ചുപോയ വാഹനം പരിശോധനയ്ക്കായി നിര്‍ത്തി. വാഹനത്തലുണ്ടായിരുന്നവര്‍ അമുസ്‌ലിമാണെന്നറിഞ്ഞതോടെ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു.


തുടര്‍ന്ന് മതകാര്യ പോലിസില്‍ എത്തിച്ചു. പേടിച്ചരണ്ട സാധാരണക്കാരായ തൊഴിലാളികളെ പുഞ്ചിരി തൂകി മക്ക പോലിസ് മേധാവിയായ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ ഉസൈമി സ്വീകരിച്ചു. അബദ്ധത്തില്‍ മക്കയില്‍ പ്രവേശിച്ചതാണെന്ന് മനസ്സിലാക്കിയ പോലിസ് മേധാവി, അറബികളുടെ ആഥിത്യ മര്യാദയോടെയുള്ള പെരുമാറ്റമാണ് നല്‍കിയത്്. 

തൊഴിലാളികള്‍ക്ക് ഖഹ്‌വയും മിഠായിയും ഭക്ഷണവും നല്‍കി. പേടിച്ച് വിറച്ച് പോലിസ് സ്‌റ്റേഷനിലെത്തിയ തൊഴിലാളികള്‍ക്ക് പോലിസ് മേധാവിയുടെ പെരുമാറ്റം അമ്പരപ്പും ആശ്ചര്യവുമുളവാക്കി.

തൊഴിലാളികളിലൊരാള്‍ ഇങ്ങനെയല്ല താന്‍ പ്രതീക്ഷിച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, വിശുദ്ധ മതമാണ് തന്നെ ഇങ്ങനെ പെരുമാറാന്‍ പഠിപ്പിച്ചതെന്ന് മേധാവി വിശദീകരിച്ചു. മക്കയെകുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും വിശദീകരിച്ചതോടെ തങ്ങള്‍ക്ക് ഇസ്‌ലാം മതം സ്വീകരിക്കണമെന്ന് തൊഴിലാളിക ള്‍ താല്‍പര്യം പ്രകടിപ്പിച്ചു.

 പോലിസുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശഹാദത്ത് ചൊല്ലി. മക്കയിലും മദീനയിലും വഴിതെറ്റിയും അറിയാതെയും അമുസ്‌ലിമുകള്‍ പ്രവേശിക്കാറുണ്ട്. ഇവരെ പിടികൂടി അതിര്‍ത്തിക്കപ്പുറത്ത് കൊണ്ട് വിടുകയാണ് പതിവ്.