Wednesday 21 August 2013

വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം



ആകാശ ഗംഗകള്‍ പരസ്പരം അകന്നു കൊണ്ടിരിക്കുകയാണെന്നതിന് 1925 ല്‍ അമേരിക്കന്‍ ജ്യോതി ശാസ്ത്രജഞനായ എഡ്വിന്‍ ഹബ്ള്‍  പരീക്ഷണങ്ങളിലധിഷ്ടിതമായ തെളിവുകള്‍ നല്‍കുകയുണ്ടായി. അതായത് ഈ മഹാപ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്നര്‍ത്ഥം.പ്രപഞ്ചത്തിന്‍റെ വികാസം ഇന്ന് സ്ഥിതീകരിക്കപ്പെട്ട ശാസ്ത്ര വസ്തുതയാണ്.പ്രപഞ്ചത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതും ഇത് തന്നെയാണ്.

وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ (51:47)
ആകാശത്തെ നാം കൈകളാല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (51:47)

സമയത്തിന്‍റെ ലഘുചരിത്രം (The Brief History of times) എന്ന തന്‍റെ കൃതിയില്‍ സ്റ്റീഫന്‍ ഹോക്കിംഗ് (Stephen Hawking) പറയുന്നു:  പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നുവെന്ന കണ്ടുപിടുത്തം ഇരുപതാം നൂറ്റണ്ടിന്‍റെ ഭൗതിക വിപ്ലവങ്ങളില്‍ അതിപ്രധാനപ്പെട്ട ഒന്നാണ്.

മനുഷ്യന്‍ ദൂരദര്‍ശിനി (ടെലസ്കോപ്പ്) നിര്‍മ്മിക്കാന്‍ പഠിച്ചതിനും എത്രയോ മുന്‍പ് തന്നെ പ്രപഞ്ചത്തിന്‍റെ വികാസത്തെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്നു!

ജ്യോതിശാസ്ത്ര മേഖലയില്‍ അറബികള്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചത്‌ കൊണ്ട് തന്നെ ഖുര്‍ആനിന്‍റെ ജ്യോതിശാസ്ത്ര പരാമര്‍ശങ്ങള്‍ ഒട്ടും അത്ഭുതപ്പെടുത്തുന്നവയല്ലെന്ന് ചിലര്‍ വാദിച്ചേക്കാം. ജ്യോതിശാസ്ത്ര മേഖലയില്‍ അറബികള്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിരുന്നുവെന്ന് പറയുന്നത് ശരി തന്നെ. എന്നാല്‍ അറബികള്‍ ഈ മേഖലയില്‍ നേടിയെടുത്ത പുരോഗതികള്‍ക്കും നൂറ്റാണ്ടുകള്‍ക്കു മുന്‍പേയാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതെന്ന യാഥാര്‍ത്ഥ്യം അത്തരം വ്യക്തികള്‍ മനസ്സിലാക്കാതെ പോകുന്നു. മാത്രമല്ല ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട മഹാവിസ്ഫോടനത്തോടെയാണ് പ്രപഞ്ചത്തിന്‍റെ തുടക്കം എന്ന സിദ്ധാന്തമടക്കം മിക്ക ശാസ്ത്രീയ വസ്തുതകളും അറബികളുടെ ശാസ്ത്രീയ പുരോഗതിയുടെ പാരമ്യത്തില്‍ പോലും അവര്‍ക്ക് ദര്‍ശിക്കാനായിട്ടില്ല എന്നതാണ് വസ്തുത. 

അത്കൊണ്ട് തന്നെ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ള ശാസ്ത്രീയ വസ്തുതകളൊന്നും  തന്നെ അറബികള്‍ ജ്യോതി ശാസ്ത്ര മേഖലയില്‍ അവഗാഹം നേടിയത് കൊണ്ടല്ല. നേര്‍ വിപരീതമാണ് യാഥാര്‍ത്ഥ്യമെന്നതാണ് വസ്തുത. ജ്യോതി ശാസ്ത്ര പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ ഉള്‍കൊള്ളുന്നു എന്നതാണ് അറബികള്‍ ഈ മേഖലയില്‍ ഉന്നത നിലകള്‍ കൈവരിക്കുവാനുള്ള കാരണം.