Sunday 25 August 2013

ക്രൈസ്തവ ദൈവസങ്കല്പം ഒരു മിഥ്യ

ക്രിസ്തു ഒരു ഇസ്രാഈല്‍ പ്രവാചകന്‍


ക്രിസ്തു ഇസ്രായീല്യര്‍ക്കിടയില്‍ നിയുക്തനായ ഒരു പ്രവാചകന്‍ മാത്രമായിരുന്നു. ഇതു പറയുമ്പോള്‍ യേശുക്രിസ്തു പറഞ്ഞ സന്ദേശങ്ങള്‍ ഇസ്രായീല്യര്‍ അല്ലാത്തവര്‍ക്ക് ബാധകമല്ലെന്നോ അദ്ദേഹത്തിലൂടെ ജാതികള്‍ക്ക് (യഹൂദരല്ലാത്തവര്‍) സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള മാര്‍ഗം ലഭിക്കുകയില്ലെന്നോ അര്‍ത്ഥമില്ല. ഇസ്രായീല്യര്‍ക്കിടയിലേക്ക് അയക്കപ്പെട്ട മോശെ പ്രവാചകന്‍ ഫറോവാ ചക്രവര്‍ത്തിയോട് സത്യമത പ്രബോധനം നടത്തിയത് പോലെ ക്രിസ്തുവും തന്‍റെ പരിധിയില്‍ പെട്ട യാഹൂദരല്ലാത്തവരോട് സത്യം - 'നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്' എന്ന യാഥാര്‍ഥ്യം- പ്രബോധനം ചെയ്തിരിക്കാം. പക്ഷേ, അദ്ദേഹത്തിന്‍റെ ആഗമനോദ്ധേശ്യം ഇസ്രായീല്യരെ ഉദ്ധരിക്കുകയെന്നതായിരുന്നു. ഇക്കാര്യത്തിലേക്ക് ഖുര്‍ആന്‍ ഇങ്ങനെ വെളിച്ചം വീശുന്നു 'അവനെ (യേശുവെ) ഗ്രന്ഥവും വിജ്ഞാനവും തൌറാത്തും ഇഞ്ചീലും അവന്‍  (അല്ലാഹു) പഠിപ്പിക്കുകയും ഇസ്രായീല്‍ സന്തതികളിലേക്ക് ഒരു ദൂതന്‍  (ആക്കുകയും ചെയ്തു) - ആലുഇംറാന്‍ 48-49


ഇക്കാര്യം ബൈബിളും സമ്മതിക്കുന്നുണ്ട്. മതപ്രബോധനത്തിന് തന്‍റെ പന്ത്രണ്ട് ശിഷ്യന്‍മാരെ ചുമതലപ്പെടുത്തി അയക്കുമ്പോള്‍ ക്രിസ്തു പറഞ്ഞതിങ്ങനെയാണ്. 'നിങ്ങള്‍ വിജാതീയരുടെ അടുത്തേക്ക്‌ പോകരുത്; സമരിയക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത ഇസ്രായീര്‍ വംശത്തിലെ നഷ്ടപെട്ടു പോയ ആടുകളുടെ അടുത്തേക്ക് പോകുവീന്‍' (മത്തായി 10:5)

'യേശു അവിടെ നിന്ന് പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോള്‍ ആ പ്രദേശത്ത് നിന്ന് ഒരു കാനാന്‍കാരി (യഹൂദ സമുദായത്തില്‍പെടാത്ത ഒരു വര്‍ഗ്ഗത്തില്‍ പെട്ട സ്ത്രീ) വന്നു കരഞ്ഞപേക്ഷിച്ചു: കര്‍ത്താവെ, ദാവീദിന്‍റെ പുത്രാ, എന്നില്‍ കനിയേണമേ! എന്‍റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാല്‍ അവന്‍ ഒരു വാക്ക് പോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാര്‍ അവനോട് അഭ്യര്‍ത്ഥിച്ചു. അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ. അവന്‍ മറുപടി പറഞ്ഞു: ഇസ്രാഈല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവെ, എന്നെ സഹായിക്കേണമേ എന്നപേക്ഷിച്ചു. അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല'.(മത്തായി 15: 21-26)

ക്രിസ്തുവിന്‍റെ ദൗത്യം ഇസ്രാഈല്യര്‍ക്കിടയിലേക്ക് ആണെങ്കിലും ആ സ്ത്രീയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന മാനിച്ച് അവളുടെ മകളുടെ അസുഖം മാറ്റികൊടുത്തതായി(മത്തായി 15: 27-28) തുടര്‍ന്ന്‍ വിശദീകരിക്കുന്നതില്‍ നിന്നും അദ്ദേഹം വിജാതീയരെ തീരെ അവഗണിച്ചിരുന്നില്ലെന്ന്‍ മനസ്സിലാകുന്നുണ്ട്. എങ്കിലും ' ഇസ്റാഈല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളെ' അഥവാ യഹൂദന്മാര്‍ക്കിടയില്‍ നിന്നും വഴി പിഴച്ചു പോയവരെ നേരെയാക്കുകയായിരുന്നു ക്രിസ്തുവിന്‍റെ നിയോഗത്തിന്‍റെ പ്രധാന ഉദ്ദേശമെന്നു ഈ വചനങ്ങളില്‍ നിന്നും സുതരാം വ്യക്തമാകുന്നു.

യേശു, മോശെ പ്രവാചകന്‍ കൊണ്ട് വന്ന ന്യായ പ്രമാണത്തിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ നയിക്കാനാണ് നിയോഗിക്കപ്പെട്ടത്. ജീവിത കര്‍മ്മങ്ങളും നിയമങ്ങളും നിരോധങ്ങളുമെല്ലാം മോശേയടേത് പിന്തുടരുക മാത്രമാണ് ക്രിസ്തു ചെയ്തത്. ' ന്യായ പ്രമാണത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്' (മത്തായി 5: 17) എന്ന ക്രിസ്തുവിന്‍റെ വചനം ന്യായപ്രമാണത്തിന്‍റെ നടത്തിപ്പ് മാത്രമാണ്; പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയല്ല തന്‍റെ ആഗമനോദ്ദേശം എന്ന് വ്യക്തമാകുന്നു. 'ഈ പ്രമാണങ്ങളില്‍ നിസ്സാരമായ ഒന്ന് ലംഘിക്കുകയോ, ലംഘിക്കുവാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്ന്‍  വിളിക്കപ്പെടും.' (മത്തായി 5:19) എന്ന ക്രിസ്തു വചനത്തെ വക വക്കാതെ ന്യായ പ്രമാണത്തിലെ കല്‍പ്പനകളില്‍ പലതും അവഗണിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് വിശുദ്ദ പൗലോസ് തന്‍റെ ' അഭിനവ ക്രിസ്തു മതം' സ്ഥാപിച്ചത്.

ക്രിസ്തു എന്ന മനുഷ്യന്‍



മറ്റേതൊരു പ്രവാചകനെ പ്പോലെ ക്രിസ്തുവും ഒരു മനുഷ്യന്‍ മാത്രമായിരുന്നു. സമൂഹത്തില്‍ ജീവിക്കുകയും മാനുഷികമായ കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്ത അദ്ദേഹം തന്‍റെ സഹജീവികളെപ്പോലെ  സകല വികാരങ്ങളുമുള്ളവനുമായിരുന്നു. ബൈബിള്‍ പറയുന്ന ക്രിസ്തു ഇസ്രായീല്‍ മക്കള്‍ക്ക്‌ വഴി കാട്ടിയായിരുന്നു. നിഷ്കളങ്കനായിരുന്നു; സ്വന്തം മാതൃകയിലൂടെ സമൂഹത്തെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ ശ്രമിച്ച മഹാനായിരുന്നു. പക്ഷെ, ദൈവമല്ല. ദൈവത്തിന്‍റെ അവതാരവുമല്ല. ത്രിയേകദൈവങ്ങളില്‍ ഒരുവനുമല്ല. ഒരു പ്രവാചകന്‍ മാത്രം. മുന്‍പ് കഴിഞ്ഞു പോയതും ക്രിസ്തുവിന് ശേഷം വരാനിരിക്കുന്നതുമായ പ്രവാചകന്മാരെ പോലുള്ള ഒരു പ്രവാചകന്‍.

ക്രിസ്തു ഒരു മനുഷ്യനായിരുന്നു. ദൈവത്തിനുണ്ടാവാന്‍ പാടില്ലാത്ത പല സ്വഭാവങ്ങളും യേശുവില്‍ നാം കാണുന്നുണ്ട്. 

  • അബ്രഹാമിന്‍റെയും ദാവീദിന്‍റെയും പുത്രപരമ്പരയില്‍ യേശു ജനിക്കുന്നു.(ദൈവത്തിന് മുന്‍ഗാമികളും ജനനവും) മത്തായി 1:1
  • ക്രിസ്തു പരിഛേദനയേല്‍ക്കുന്നു. ലൂക്കോസ് 2:21
  • യേശു മുല കുടിക്കുന്നു. ലൂക്കോസ് 11:27
  • ക്രിസ്തു കഴുതപ്പുറത്ത് യാത്ര ചെയ്യുന്നു. മത്തായി 21:5
  • ക്രിസ്തു ഭക്ഷണവും പാനീയവും ഉപയോഗിക്കുന്നു. മത്തായി 11:19
  • കിടപ്പാടമില്ലാത്ത ക്രിസ്തു. മത്തായി 8:20
  • യേശു വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നു. യോഹന്നാന്‍ 19:23
  • സഹോദരീ സഹോദരന്മാരുള്ള ക്രിസ്തു. മത്തായി 13: 55,56
  • ക്രിസ്തുവിന്‍റെ വളര്‍ച്ചക്കനുസരിച്ച് ജ്ഞാനം വര്‍ദ്ധിക്കുന്നു. ലൂക്കോസ് 21:40
  • സ്വമേധയാ ഒന്നും ചെയ്യാത്ത ക്രിസ്തു. യോഹന്നാന്‍ 19:23
  • അന്ത്യനാളിനെ കുറിച്ച് ഒന്നും അറിയാത്ത ക്രിസ്തു. മാര്‍ക്കോസ് 13:32
  • അത്തിമരത്തിന്‍റെ ഫലദായക സമയം പോലും അറിയാത്ത മിശിഹ. മാര്‍ക്കോസ് 13:32
  • സഹനത്തിലൂടെ അനുസരണം അഭ്യസിക്കുന്ന ക്രിസ്തു. എബ്രേയര്‍ 5:8
  • യേശുവിന് വിശപ്പ്‌ അനുഭവപ്പെടുന്നു. മാര്‍ക്കോസ് 11:12, മത്തായി 4:2, മത്തായി 21:28
  • ക്രിസ്തുവിന് ദാഹം അനുഭവപ്പെടുന്നു. യോഹന്നാന്‍ 19:28
  • യേശു ഉറങ്ങുന്നു. മത്തായി 8:24, ലൂക്കോസ് 8:23,  മാര്‍ക്കോസ് 4:38
  • യേശു ക്രിസ്തു യാത്ര ചെയ്ത് ക്ഷീണിക്കുന്നു. യോഹന്നാന്‍ 4:6
  • യേശു അസ്വസ്ഥനായി നെടുവീര്‍പ്പിടുന്നു. യോഹന്നാന്‍ 11:33
  • ക്രിസ്തു കരയുന്നു. യോഹന്നാന്‍ 11:35
  • ദുഃഖിക്കുന്നവനായ യേശു. മത്തായി 26:36
  • അസത്യത്തിനെതിരെ ശക്തി പ്രയോഗിക്കുന്ന യേശു. യോയന്നാന്‍ 2:13-15
  • വാളെടുക്കുവാന്‍ ആഹ്വാനം ചെയ്യുന്ന ക്രിസ്തു. ലൂക്കോസ് 22:36
  • യഹൂദരെ ഭയക്കുന്ന യേശു. യോഹന്നാന്‍ 11:53,54
  • യേശു ഒറ്റു കൊടുക്കപ്പെടുന്നു. യാഹോന്നാന്‍ 18:2
  • യേശു ബന്ധിക്കപ്പെടുന്നു. 
  • യേശു അപമാനിക്കപ്പെടുന്നു. മത്തായി 26:67
  • യേശുവിന് അടി കിട്ടുന്നു. യോഹന്നാന്‍ 18:22
  • ക്രിസ്തു മരണത്തെ ഭയക്കുന്നു. മാര്‍ക്കോസ് 14:36
  • ക്രിസ്തു ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. മത്തായി 26:42
  • ക്രിസ്തുവിനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ദൂതന്‍ പ്രത്യക്ഷപ്പെടുന്നു. ലൂക്കോസ് 22:43
ഇനി നമുക്ക് ചിന്തിക്കാം. ക്രിസ്തു ദൈവമാണോ? അതോ മനുഷ്യനോ? ബുദ്ധിശക്തി സഭകള്‍ക്ക് പണയം വെച്ചിട്ടില്ലാത്തവരെല്ലാം പറയും 'ക്രിസ്തു ഒരു മനുഷ്യന്‍ മാത്രം' എന്ന്.

'ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല . അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ട് കുടുക്കിലാകുമ്പോഴാണ്.(യാക്കോബ 1:13,14) ' എന്ന പുതിയ നിയമത്തിലെ തന്നെ പ്രസ്താവനയും 'അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പ്പത് ദിവസം അവിടെ കഴിഞ്ഞു കൂടി.(ലൂക്കോസ് 4:2) എന്ന ലൂക്കോസിന്‍റെ വചനവും കൂട്ടി വായിക്കുമ്പോഴും ക്രിസ്തു ദൈവമല്ലെന്ന യാഥാര്‍ത്ഥ്യം നമുക്ക് മുന്നില്‍ അനാവൃതമാകുന്നു.ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ലെങ്കില്‍, പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട ക്രിസ്തു എതായിരുന്നാലും ദൈവീക സ്വഭാവം ഉള്‍കൊള്ളുന്നില്ലെന്നും അതിനാല്‍ തന്നെ ദൈവമല്ലെന്നും വ്യക്തമാണ്.

വേദപുസ്തക നിഘണ്ടു എഴുതുന്നു: ' ആദ്യത്തെ മൂന്ന് സുവിശേഷങ്ങളില്‍ യേശു യഥാര്‍ത്ഥ മനുഷ്യത്വമുള്ളവനാണെന്ന് കാണുന്നു. അവന്‍ ശരീരത്തിലും ബുദ്ധിയിലും സ്വാഭാവികമായി വളര്‍ച്ച പ്രാപിച്ചു. വിശപ്പും ദാഹവും അനുഭവിച്ചു. ഉപദ്രവങ്ങള്‍ സഹിച്ചു. സന്തോഷം, ദുഃഖം, സ്നേഹം, കോപം ആദിയായവ എല്ലാ മനുഷ്യരെയും പോലെ അവനും ഉണ്ടായിരുന്നു. സാധാരണ മനുഷ്യരേക്കാളും ജ്ഞാനിയായിരുന്നുവെങ്കിലും സര്‍വ്വജ്ഞത ഉണ്ടായിരുന്നില്ല.' (റവ: എ സി ക്ലേയിറ്റന്‍: വേദപുസ്തക നിഘണ്ടു. പേജ് 413).നിഘണ്ടു തുടരുന്നു. അത്തിവൃക്ഷത്തില്‍ ഫലമുണ്ടായിരിക്കുമെന്ന് വിചാരിച്ച് ചെന്ന് നോക്കുമ്പോള്‍ ഫലമുണ്ടായിരുന്നില്ല. അവന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ സ്വന്തം ശക്തിയാലല്ല, ദൈവ വിശ്വാസത്തിലാണ് ചെയ്തതെന്ന് വിചാരിപ്പാന്‍ ന്യായമുണ്ട്. യേശു അവതാര പുരുഷനായി വന്നപ്പോള്‍ അവനു മനുഷ്യചിത്തവും ദൈവ ചിത്തവും എന്നിങ്ങനെ രണ്ടു ചിത്തങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതിന് ഈ സുവിശേഷങ്ങളില്‍ യാതൊരു ആധാരവുമില്ല. പേജ്:414

മനുഷ്യനായ പ്രവാചകനായിരുന്ന യേശുവിന്‍റെ പ്രസ്താവന നോക്കുക: "സാത്താനെ എന്നെ വിട്ടു പോ, നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നുവല്ലോ" (മത്തായി 4: 10,11). ഇതില്‍ നിന്നും മനസ്സിലാകുന്ന യാഥാര്‍ത്ഥ്യമെന്താണ്?
  • കര്‍ത്താവിനെ നമസ്കരിക്കണം.
  • അവനെ മാത്രമേ ആരാധിക്കാവൂ.
ഈ കല്‍പ്പനകള്‍ കാറ്റില്‍ പറത്തികൊണ്ട്, ക്രിസ്തു പ്രതിമക്ക് മുന്നില്‍ നമസ്കരിക്കുന്നവരും പുണ്യവാളന്മാരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരുമായ യാഥാസ്ഥിക ക്രിസ്ത്യാനികളും ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുകയും അവന്‍റെ നാമത്തില്‍ അസുഖങ്ങള്‍ മാറ്റികൊടുക്കാന്‍ വേണ്ടി അവനോട് കരഞ്ഞു പറയുകയും ചെയ്യുന്ന പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങളും, പരിശുദ്ധാമാവ് നിറഞ്ഞവരായതിനാല്‍ സഭക്കും സഭാധ്യക്ഷന്മാര്‍ക്കും അപ്രമാദിത്വം കല്‍പ്പിക്കുന്ന വ്യത്യസ്ത സഭാ വിഭാഗങ്ങളും ചെയ്യുന്നത് ക്രിസ്തുവിനോടുള്ള വ്യക്തമായ ധിക്കാരമല്ലാതെ മറ്റൊന്നുമല്ല.


(എം.എം. അക്ബര്‍ എഴുതിയ 'ക്രൈസ്തവ ദൈവസങ്കല്പം ഒരു മിഥ്യ' എന്ന പുസ്തകത്തില്‍ നിന്ന്)