Monday 14 October 2013

Islam & Science - മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു

   
ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ ആയത്തുകളും ചില അറബികള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാഹരിച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യുകയും, ആ വിവരങ്ങളെല്ലാം ഭ്രൂണശാസ്ത്ര പ്രൊഫസറും കാനഡയിലെ ടൊറന്റോ സര്‍വ്വകലാശാലയിലെ ശരീരഘടനാ ശാസ്ത്രവിഭാഗത്തിന്‍റെ തലവനുമായ ഡോ: കീത്ത്മൂറിന് (Keith Moore) സമര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹമിപ്പോള്‍ ഭ്രൂണ ശാസ്ത്രത്തിലെ ഏറ്റവും ഉന്നത പ്രതിഭാധനരില്‍ ഒരാളാണ്. ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ വചനങ്ങളെക്കുറിച്ച് അഭിപ്രായം പറയുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 

ഖുര്‍ആനിലെ ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും ഈ മേഖലയില്‍ ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയിട്ടുള്ള മുഴുവന്‍ വസ്തുതകളോടും പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നുവെന്നും, ആധുനിക ഭ്രൂണശാസ്ത്രവുമായി ഒരു രീതിയിലും അത് വിയോജിക്കുന്നില്ലെന്നും തനിക്ക് സമര്‍പ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ സസൂക്ഷമം പരിശോധിച്ചതിന് ശേഷം ഡോ: കീത്ത് മൂര്‍ പ്രസ്താവിക്കുകയുണ്ടായി.

ശാസ്ത്രീയകൃത്യതയെക്കുറിച്ച് തനിക്ക് അഭിപ്രായം പറയാന്‍ സാധിക്കാത്ത ചില വചനങ്ങളും ഖുര്‍ആനില്‍ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖുര്‍ആനിലെ ചില പ്രസ്താവനകള്‍ ശരിയോ തെറ്റോ ആണെന്ന് പ്രഖ്യാപിക്കുവാന്‍ അദ്ദേഹത്തിന് ഖുര്‍ആനിലെ ചില വിവരങ്ങള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തത് കൊണ്ട് സാധിച്ചിരുന്നില്ല. ആധുനിക ഭ്രൂണ ശാസ്ത്ര ഗ്രന്ഥങ്ങളിലോ പഠനങ്ങളിലോ ഒന്നും തന്നെ ഈ വിവരങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തിലുള്ള ഒരു വചനം കാണുക.


اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ  ﴿١﴾  خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢
"സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു."  ( വിശുദ്ധഖുര്‍ആന്‍ 96: 1-2)

അലഖിന് ഉറഞ്ഞു കട്ടിയായ രക്തം എന്നതിന് പുറമെ അള്ളിപ്പിടിക്കുന്നതെന്നും അട്ടയെപ്പോലുള്ള വസ്തുവെന്നും അര്‍ത്ഥങ്ങളുണ്ട്. ഭ്രൂണം പ്രാഥമികഘട്ടത്തില്‍ അട്ടയുടെ ആകൃതിയിലായിരിക്കുമെന്ന കാര്യം ഡോ: കീത്ത് മൂറിന് അറിയുമായിരുന്നില്ല. 

ഇത് നിരീക്ഷിച്ചു കണ്ടെത്തുന്നതിനായി അതിശക്തമായ മൈക്രോസ്കോപ് ഉപയോഗിച്ച്കൊണ്ട് അദ്ദേഹം പഠിക്കുകയുണ്ടായി. താന്‍ നിരീക്ഷിച്ച വസ്തുക്കളെ അട്ടയുടെ രേഖാചിത്രവുമായി താരതമ്യം ചെയ്ത് നോക്കിയപ്പോള്‍ അവ രണ്ടും തമ്മിലുള്ള വിസ്മയാവഹമായ സാദൃശ്യം ദര്‍ശിച്ച അദ്ദേഹം അത്ഭുത സ്തംബ്ദനാവുകയാണുണ്ടായത്. അങ്ങിനെ അതുവരെ അറിഞ്ഞിട്ടില്ലാത്ത പല പുതിയ ഭ്രൂണ ശാസ്ത്ര വിജ്ഞാനങ്ങളും ഖുര്‍ആനിലൂടെ അദ്ദേഹം സ്വായത്തമാക്കി. 

ഭ്രൂണശാസ്ത്ര വസ്തുതകളുമായി ബന്ധപ്പെട്ട ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിക്കപ്പെട്ട എണ്‍പതോളം ചോദ്യങ്ങള്‍ക്ക് ഡോ:കീത്ത് മൂര്‍ ഉത്തരം നല്‍കി. ഭ്രൂണ ശാസ്ത്രവുമായി ബന്ധപ്പെട്ട ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള മുഴുവന്‍ പരാമര്‍ശങ്ങളും ആധുനിക ഭ്രൂണ  ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ അത്യന്താധുനിക കണ്ടു പിടുത്തങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: "മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ചോദ്യങ്ങള്‍ എന്നോട് ചോദിക്കപ്പെട്ടതെങ്കില്‍ ശാസ്ത്രീയ വിജ്ഞാനത്തിന്‍റെ അഭാവം മൂലം പകുതി പോലും ഉത്തരം നല്‍കുവാന്‍ സാധിക്കുമായിരുന്നില്ല."

കീത്ത് മൂറിന്‍റെ പ്രശസ്തഗ്രന്ഥങ്ങളില്‍ ഒന്നാണ് വളരുന്ന മനുഷ്യന്‍ (The Developing Human). ഖുര്‍ആനില്‍ നിന്നും പുതിയ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയ ശേഷം 1982ല്‍ ഈ ഗ്രന്ഥത്തിന്‍റെ മൂന്നാം പതിപ്പ് അദ്ദേഹം എഴുതി. ഏറ്റവും നല്ല വൈദ്യ ശാസ്ത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ഈ ഗ്രന്ഥത്തിന് ലഭിക്കുകയുണ്ടായി. ലോകത്തിലെ വിവിധങ്ങളായ ഭാഷകളിലേക്ക് ഈ പുസ്തകം ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല വൈദ്യ ശാസ്ത്ര പഠനത്തിന്‍റെ ഒന്നാം വര്‍ഷത്തില്‍ ഭ്രൂണശാസ്ത്രത്തിന്‍റെ പാഠപുസ്തകമായി ഇത് പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു.

1981ല്‍ സൗദി അറേബ്യയിലെ ദമാമില്‍ നടത്തപ്പെട്ട ഏഴാമത്തെ വൈദ്യ ശാസ്ത്ര സമ്മേളനത്തില്‍ ഡോ: മൂര്‍ പറഞ്ഞു:

' മനുഷ്യ വളര്‍ച്ചയെ ക്കുറിച്ച് ഖുര്‍ആന്‍ പറയുന്ന വസ്തുതകള്‍ വ്യക്തമാക്കികൊടുക്കുവാന്‍ സാധിച്ചതില്‍ അതീവസന്തുഷ്ടനാണ് ഞാന്‍. ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ശാസ്ത്രീയ വിജ്ഞാനങ്ങളില്‍ മിക്കതും അനവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ശാസ്ത്രത്തിന് കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ലായെന്നത് കൊണ്ട്തന്നെ ഖുര്‍ആനിലെ മുഴുവന്‍ ശാസ്ത്രീയ പരാമര്‍ശങ്ങളും ദൈവത്തില്‍ നിന്നാണ് മുഹമ്മദിന് ലഭിച്ചിട്ടുണ്ടാവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമാണ്. മുഹമ്മദ്‌ ദൈവത്തിന്‍റെ പ്രവാചകനാണെന്നതാണ് എനിക്കതില്‍ നിന്നും മനസ്സിലാവുന്നത്.'

അമേരിക്കയിലെ ഹൗസ്റ്റണിലെ Bayer Collage of Medicine ലെ പ്രസവചികിത്സയുടെയും(Obstetrics) സ്ത്രീരോഗ വിജ്ഞാനത്തിന്‍റെയും (Gynaecology) തലവനായ ഡോ: ജോലൈ സിംപ്സണ്‍ (Joe Leign Simpson) പ്രഖ്യാപിക്കുന്നു:

' എഴുത്തുകാരന്‍റെ (ഖുര്‍ആന്‍ മുഹമ്മദ്‌ എഴുതിയതാണെന്ന തെറ്റിദ്ധാരണയില്‍) നൂറ്റാണ്ടായ ഏഴാം നൂറ്റാണ്ടില്‍ നില നില്‍ക്കുന്ന ശാസ്ത്രീയ വിജ്ഞാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കില്ല പ്രവാചകന്‍റെ വാക്കുകളായ ഈ ഹദീസുകള്‍. പാരമ്പര്യ ശാസ്ത്രവും മതവും (ഇസ്ലാം) തമ്മില്‍ വൈരുദ്ധ്യങ്ങളില്ലെന്ന് മാത്രമല്ല, മതത്തിന് (ഇസ്ലാം) പൗരാണിക ശാസ്ത്രീയ സമീപനങ്ങള്‍ക്ക് വഹ് യിന്‍റെ പിന്‍ബലം നല്‍കികൊണ്ട് ശാസ്ത്രത്തെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുവാന്‍ സാധിക്കും. നൂറ്റാണ്ടുകള്‍ക്ക് ശേഷം സ്ഥിതീകരിക്കപ്പെട്ട പല പ്രസ്താവനകളും ഖുര്‍ആനില്‍ നില നില്‍ക്കുന്നു. ഈ വിജ്ഞാനങ്ങലാവട്ടെ ദൈവത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്നാണ് ഖുര്‍ആനിന്‍റെ ഭാഷ്യം'


'അലഖ്' എന്ന പദത്തെ കുറിച്ച് എം.എം. അക്ബര്‍ വിശദീകരിക്കുന്നത് കേള്‍ക്കുക.