Monday 23 September 2013

ആഴക്കടലിലെ അന്ധകാരം


ജിദ്ദയിലെ കിംഗ്‌ അബ്ദുല്‍ അസീസ്‌ സര്‍വ്വകലാശാലയിലെ പ്രൊഫസറും Marine Geology വിദഗ്ധനുമായ പ്രൊഫ.ശ്രീ. ദുര്‍ഗ്ഗാറാവുവിനോട്‌ താഴെക്കാണുന്ന ഖുര്‍ആന്‍ വചനത്തെക്കുറിച്ച് അഭിപ്രായം ആരാഞ്ഞു.

ഖുര്‍ആന്‍ പറയുന്നു:
അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.  [24:40]

ആഴക്കടല്‍ അന്ധകാരനിബിഡമാണെന്ന് ആധുനികശാസ്ത്ര സജ്ജീകരണങ്ങളുടെ സഹായത്തോടെ ഈയടുത്ത് മാത്രമാണ് ശാസ്ത്രകാരന്മാര്‍ക്ക് സ്ഥിതീകരിക്കുവാന്‍ സാധിച്ചതെന്ന് പ്രൊഫ.റാവു പറഞ്ഞു. മറ്റു ഉപകരണങ്ങളുടെ സഹായമില്ലാതെ 20 മുതല്‍ 30 വരെ മീറ്റര്‍ ആഴത്തില്‍ മുങ്ങിപോകുവാന്‍ മനുഷ്യന് സാധ്യമല്ല തന്നെ. 200 മീറ്റര്‍ ആഴത്തില്‍ ജീവന്‍ നിലനിര്‍ത്തുക പോലും അസാധ്യമാണ്. എല്ലാ സമുദ്രങ്ങളും ഇരുട്ട് നിറഞ്ഞതാണെന്ന് ഈ വചനം കൊണ്ട് അര്‍ത്ഥമാക്കുന്നില്ല. സമുദ്രത്തിന്‍റെ ഓരോ പാളികളും ഇരുട്ടുകള്‍ നിറഞ്ഞതാണെന്ന് പറയാന്‍ സാധ്യമല്ല എന്നതാണിതിന്‍റെ കാരണം. ആഴക്കടലിനെ മാത്രമാണ്  ഈ വചനം കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. കാരണം 'ആഴക്കടലിലെ അന്ധകാരം' എന്നാണ് ഖുര്‍ആന്‍ പറയുന്നത്.




ആഴക്കടലിലെ അടുക്കുകളായുള്ള അന്ധകാരം രണ്ട് കാരണങ്ങളാലാണ് സംജാതമാകുന്നത്.

1)   ഏഴ് നിറങ്ങളാലാണ് ഒരു പ്രകാശകിരണം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വയലറ്റ്(Violet), ഇന്റിഗോ(Indigo), നീല(Blue), പച്ച(Green), മഞ്ഞ(Yellow), ഓറഞ്ച്(Orange), ചുവപ്പ്(Red) എന്നിവയാണ് ഈ ഏഴു നിറങ്ങള്‍. പ്രകാശകിരണങ്ങള്‍ ജ;ജലത്തില്‍ തട്ടുമ്പോള്‍ വക്രീകരണം(refraction) സംഭവിക്കുന്നു. മുകളിലത്തെ 10 മുതല്‍ 15 മീറ്റര്‍ വരെയുള്ള ജലം ചുവപ്പ് നിറത്തെ ആഗിരണം ചെയ്യുന്നു.അത് കൊണ്ട് തന്നെ 25 മീറ്റര്‍ ആഴത്തിലെത്തിയ ഒരു വ്യക്തിക്ക് മുറിവേല്‍ക്കുകയാണെങ്കില്‍ ഇത്രയും ആഴത്തില്‍ ചുവപ്പ് നിറം നിറം എത്തില്ല എന്നത്കൊണ്ട് രക്തത്തിന്‍റെ ചുവപ്പ് നിറം കാണുവാന്‍ അയാള്‍ക്ക് സാധ്യമല്ല. ഇത് പോലെ തന്നെ ഓറഞ്ച് നിറം 30 മുതല്‍ 50 മീറ്റര്‍ വരെ ആഴത്തിലും, മഞ്ഞ നിറം 50 മുതല്‍ 100 മീറ്റര്‍ വരെ ആഴത്തിലും,പച്ച 100  മുതല്‍ 200 മീറ്റര്‍ ആഴത്തിലും, നീല 200 മീറ്ററിനപ്പുറവും, വയലറ്റും ഇന്റിഗോയും 200 മീറ്റര്‍ മുകളിലുമായും ആഗിരണം ചെയ്യപ്പെടുന്നു. ഓരോ പാളിയിലേക്ക് കടക്കുന്തോറും നിറങ്ങള്‍ ഓരോന്നായി അപ്രത്യക്ഷമാവുന്നത് കാരണം സമുദ്രത്തിന്‍റെ ആഴത്തിലെത്തുംതോറും ഇരുട്ട് വര്‍ദ്ധിക്കുന്നു. 1000 മീറ്റര്‍ ആഴത്തില്‍ പരിപൂര്‍ണ്ണമായ ഇരുട്ടാണുള്ളത്.(Oceans, Elder and Pernetta,  Page:27)

2)   സൂര്യരശ്മികള്‍ മേഘങ്ങളാല്‍ ആഗിരണം ചെയ്യപ്പെടുകയും പ്രകാശ കിരണങ്ങളെ ചിന്നിച്ചിതറിച്ച് കൊണ്ട് കാര്‍മേഘങ്ങള്‍ക്കടിയില്‍ ഇരുട്ടിന്‍റെ പാളികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇരുട്ടിന്‍റെ പ്രഥമപാളികളാണിവ. പ്രകാശകിരണങ്ങള്‍ സമുദ്രത്തിന്‍റെ ഉപരിതലത്തിലെത്തുമ്പോള്‍ തരംഗങ്ങളുടെ ഉപരിഭാഗം പ്രതിഫലിപ്പിക്കപ്പെടുന്നതിന്‍റെ ഫലമായി തിളങ്ങുന്ന കാഴ്ചയായിരിക്കും അനുഭവപ്പെടുക. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതും തദ്വാര ഇരുട്ടിന് കാരണമായിത്തീരുന്നതും തിരമാലകളാണ്. പ്രതിഫലനം നടക്കാത്ത പ്രകാശകിരണങ്ങള്‍ സമുദ്രത്തിന്‍റെ ആഴത്തിലേക്ക് തുളച്ചു കയറുന്നു. അതുകൊണ്ട് തന്നെ സമുദ്രത്തിന് രണ്ട് ഭാഗങ്ങളുണ്ടെന്ന് പറയാം. പ്രകാശവും ചൂടും ഉള്ള ഉപരിതലവും അന്ധകാരം നിറഞ്ഞ ആഴവും. ഉപരിതലം ആഴക്കടലില്‍ നിന്നും തിരമാലകളാല്‍ വീണ്ടും വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. സമുദ്രത്തിന്‍റെ ആഴത്തില്‍ അന്തര്‍ തിരമാലകള്‍ (Internal waves) ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.ഉപരിതലത്തിലുള്ള ജലത്തിന്‍റെ സാന്ദ്രതയേക്കാള്‍ അടിഭാഗത്തുള്ള ജലത്തിന് സാന്ദ്രത ഏറെയുള്ളതാണിതിന് കാരണം. അന്തര്‍ തിരമാലകളുടെ തൊട്ടുതാഴെയായി ഇരുട്ട് ആരംഭിക്കുന്നു.ആഴക്കടലിലെ മത്സ്യങ്ങള്‍ക്ക് പോലും അവയുടെ ശരീരത്തിലെ പ്രത്യേകമായ പ്രകാശ സ്രോതസ്സിന്‍റെ സഹായത്താലല്ലാതെ കാണുവാന്‍ സാധ്യമല്ല. ഖുര്‍ആന്‍ ഈ കാര്യം ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു.

 'ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. തിരമാല അതിനെ പൊതിയുന്നു.അതിന് മീതെ വീണ്ടും തിരമാല.'

  ഉപര്യുക്ത തിരമാലകള്‍ക്ക് പുറമെ വേറെയും ധാരാളം തിരമാലകളുണ്ട്.ഉദാ: ഉപരിതലത്തില്‍ കാണുന്ന തിരമാലകള്‍.
.
  ഖുര്‍ആനിക വചനം തുടരുന്നു:

'അതിനു മീതെ (ഇരുണ്ട) കാര്‍മേഘം, അങ്ങനെ ഒന്നിന് മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍..'

  വ്യത്യസ്ത നിലകളില്‍ നിന്ന് നിറങ്ങളെ ആഗിരണം ചെയ്ത് കൊണ്ട് കൂടുതല്‍ ഇരുട്ടുകളിലേക്ക് നയിക്കുന്ന മറകളാണ് മേഘങ്ങളൊക്കെ. പ്രൊഫ. ദുര്‍ഗാറാവു തുടരുന്നു:

   '1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഒരു സാധാരണ മനുഷ്യന് ഇത്രയും ഭംഗിയായി ഈ പ്രതിഭാസം വിവരിക്കുക സാധ്യമല്ല. അതുകൊണ്ട് തന്നെ ഈ വിവരങ്ങള്‍ ഒരു പ്രകൃത്യാതീത സ്രോതസ്സില്‍ നിന്ന് വന്നതാവാനേ സാധ്യതയൊള്ളൂ.'