Tuesday 24 September 2013

ജീവനുള്ള എല്ലാ വസ്തുക്കളും വെള്ളത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

വിശുദ്ധ  ഖുര്‍ആന്‍ പറയുന്നു:

'ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?' [21:30]



ശാസ്ത്രം അതിന്‍റെ പുരോഗതിയുടെ ഉത്തുംഗതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് കോശത്തിന്‍റെ അടിസ്ഥാന ഘടകമായ കോശഘടനയുടെ (Cytoplasm) 80% വും വെള്ളത്താല്‍ നിര്‍മ്മിതമാണെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിച്ചത്. എല്ലാ ജീവജാലങ്ങളും 50% മുതല്‍ 90% വരെ വെള്ളത്താല്‍ നിര്‍മ്മിതമാണെന്നും ജീവവസ്തുക്കളുടെയെല്ലാം നിലനില്‍പ്പിന് വെള്ളം അത്യന്താപേക്ഷിതമാണെന്നും ആധുനികപര്യവേക്ഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ ജീവികളും വെള്ളത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ഏതെങ്കിലുമൊരു മനുഷ്യന് അനുമാനിക്കുക സാധ്യമായിരുന്നോ? ജല ദൌര്‍ലഭ്യത്തിന്‍റെ കെടുതികള്‍ അനുസ്യൂതം അനുഭവിച്ചു കൊണ്ടിരിക്കുന്ന മരുഭൂവാസികളായ അറബികളെ സംബന്ധിച്ചിടത്തോളം അത്തരമൊരു അനുമാനം വിശ്വാസ യോഗ്യമായിരിക്കുമോ? 

വെള്ളത്തില്‍ നിന്നാണ് സകല ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുതയിലേക്ക് താഴെക്കാണുന്ന ഖുര്‍ആന്‍ വചനം വിരല്‍ ചൂണ്ടുന്നു.

'എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.' [24:45]

മനുഷ്യനും വെള്ളത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പറയുന്നു:

'അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്‍റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു. [25:54]