Monday 12 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.10

നബിദിനാഘോഷം നബി(സ)യുടെ കാലത്തുണ്ടോ?




കേരള 'സുന്നി'കള്‍ പറയുന്നു: 
?   നബിദിനാഘോഷം ഏതു കാലം മുതല്‍ക്കാണ്  തുടങ്ങിയത്?
=  അടിസ്ഥാനപരമായി നബി(സ)യുടെ കാലം മുതല്‍ക്ക് തന്നെ തുടങ്ങിയിട്ടുണ്ട്. (പൂങ്കാവനം മാസില 1994 സെപ്തംബര്‍)

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും മതപരമായ പ്രത്യേക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുക എന്നതാണ് നബിദിനാഘോഷത്തിന്‍റെ അടിസ്ഥാനം.അവിടത്തെ ജന്മദിനത്തോടനുബന്ധിച്ച് നബി(സ)യോ അവിടുത്തെ സഹാബത്തോ ഇങ്ങിനെ ഒരു ചടങ്ങ് നടത്തിയതായി ഖുര്‍ആനിലോ സ്വഹീ ഹായ ഹദീസുകളിലോ പറയുന്നില്ല. പില്‍കാലത്ത് ചില ഖോജമാര്‍ അവരുടെ യുക്തിയെ മാത്രം അടിസ്ഥാനമാക്കി നല്ലതാണെന്ന് പറഞ്ഞതാണ് ഇതിന്‍റെ ആളുകള്‍ക്ക് ആകെ പറയാനുള്ള തെളിവ്. സുന്നത്ത് ജമാഅത്തും ഈ ആഘോഷവുമായി യാതൊരു ബന്ധവുമില്ല എന്നതിന് തെളിവാണ് നബിദിനക്കാര്‍ തന്നെ എഴുതിയ ഇതിന്‍റെ കാലപ്പഴക്കം. ചില സാമ്പിളുകള്‍ കാണുക. 

സുന്നത്താണെന്ന് പറയുന്ന തഴവ മുസ്ലിയാര്‍ ഇതിന്‍റെ കാലപ്പഴക്കം പറയുന്നു:

"മൌലീദ് കഴിക്കല്‍ മുമ്പില്ലാത്തതാ 
അത് ഹിജ്റ മുന്നൂറിന് ശേഷം വന്നതാ"
(അല്‍ മവാഹിബുല്‍ ജലിയ്യ. 3/50)

മുന്‍കാലങ്ങളില്‍ ഇങ്ങിനെ ഒരു പതിവില്ല. ഹിജ്റ വര്ഷം മുന്നൂറിന് ശേഷം ഉണ്ടായിതീര്‍ന്ന ഒരാചാരമാണെന്നര്‍ത്ഥം.

നല്ലതാണെന്ന് പറഞ്ഞ ആറാം നൂറ്റാണ്ടുകാരനായ അബൂശാമക്ക് പറയാനുള്ളത് അദ്ദേഹത്തിന്‍റെ കാലത്താണ് ഈ പുതിയ ആചാരമുണ്ടായത് എന്നതാണ്:- "വര്ഷം തോറും നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ചു നടന്നു വരുന്ന ദാനധര്‍മ്മങ്ങളും സല്‍ക്കര്‍മ്മങ്ങളും സന്തോഷപ്രകടനങ്ങളും, അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുണ്ടായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്." (സുന്നി അഫ്കാര്‍ 1999 ജൂണ്‍ 23) ഹിജ്റ ആറാം നൂറ്റാണ്ടില്‍ ജീവിച്ച അബൂശാമയുടെ കാലഘട്ടത്തില്‍ ഉണ്ടായ പുതിയ ആചാരം.

"ഇനി നമുക്ക് നബിദിനം ആഘോഷിക്കുന്നതിലേക്ക് മടങ്ങാം. നബി(സ) തിരുമേനിയുടെ കാലത്ത് ഏതെങ്കിലും പ്രവാചകന്‍റെയോ പുണ്യപുരുഷന്‍റെയോ ജന്മദിനം കൊണ്ടാടുന്ന സമ്പ്രദായം നിലവിലില്ല. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് തിരുമേനി വ്യക്തമായി ഒന്നും നിര്‍ദേശിച്ചിട്ടുമില്ല." (അല്‍ മുഅല്ലിം മാസിക 2006. ഏപ്രില്‍)

"അടിസ്ഥാനപരമായി മൌലീദ് ബിദ്അത്താണ്.ആദ്യ മൂന്ന് നൂറ്റാണ്ടിലെ മുസ്‌ലീംകളില്‍ നിന്ന് കൈമാറിവന്ന ആചാരമല്ല അത്. (സുന്നി വോയ്സ്, 2002. ജൂലൈ 16-31) 

നബി(സ)യും അവിടുത്തെ സഹാബത്തും താബിഉകളും മുതല്‍ ഹിജ്റ ആറാം നൂറ്റാണ്ട് വരെ കഴിഞ്ഞു കടന്നുപോയ പരമ്പരാഗത മുസ്‌ലീംകള്‍ക്കൊന്നും പരിചയമില്ലാത്ത ആഘോഷം. അതാണ്‌ നബി(സ)യുടെ ജന്മദിനമെന്ന പേരില്‍ റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും പ്രത്യേകമായി 'സുന്നി' ലേബലില്‍ ഖുറാഫികള്‍ കൊണ്ടാടുന്നത്.

മേല്‍ പറഞ്ഞത് പോലെ ഇസ്ലാമിന്‍റെ പേരില്‍ പുതിയ ആഘോഷങ്ങളും ആചാരങ്ങളും കെട്ടിയുണ്ടാക്കുന്നത് വലിയ കുറ്റമാണ്. നബി(സ) പറയുന്നത് കാണുക: "നമ്മുടെ കാര്യത്തില്‍ (ദീനില്‍) അതിലില്ലാത്തത്ത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളേണ്ടതാണ്."(ബുഖാരി, മുസ്‌ലീം)

"റസൂല്‍(സ)യുടെ സ്വഹാബികള്‍ അനുഷ്ടിക്കാത്ത ഒരു ഇബാദത്തും (പിന്‍ഗാമികളായ) നിങ്ങള്‍ ചെയ്ത് പോകരുത്." (അബൂദാവൂദ്)

നല്ല കാര്യമാണെന്ന് സ്വയം ഊഹിച്ചു ചെയ്യുന്നതിനെ പറ്റി ഇമാം മാലിക്(റ) രേഘപ്പെടുത്തുന്നത് കാണുക:  "നല്ലതായ ഒരു സംഗതി  ഒരാള്‍ ദര്‍ശിച്ചു ഇസ്ലാമില്‍ പുതിയതിനെ ഉണ്ടാക്കിയാല്‍ തീര്‍ച്ചയായും മുഹമ്മദ്‌നബി (സ) അവിടുത്തെ പ്രബോധനത്തില്‍ വഞ്ചന കാട്ടിയെന്ന് അയാള്‍ ജല്‍പ്പിക്കുകയാണ് ചെയ്യുന്നത്. (ഇന്ന് നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂരത്തിയാക്കിത്തന്നു). അപ്പോള്‍ അന്ന് മതമല്ലാത്ത ഒരു കാര്യവും ഇന്ന് മതമാവുകയില്ല." (അല്‍ ഇഅ്തിസ്വാം. 1/48) റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും പ്രത്യേകമായ ആരാധനകളും ആഘോഷങ്ങളും നബി(സ)യുടെയും സ്വഹാബികളുടെയും കാലത്ത് മതമായിട്ടില്ല. അതിനാല്‍ പില്‍കാല്‍ ഖോജമാര്‍ എത്ര നല്ലതാണെന്ന് പറഞ്ഞാലും പതിനായിരം വാള്യങ്ങളുള്ള കിതാബുകള്‍ അതിനെ ന്യായീകരിച്ചു കൊണ്ട് എഴുതിയാലും ഇസ്ലാമില്‍ അത് മതമാവുകയില്ല. നബി(സ) പൂര്‍ത്തിയാക്കിയ ദീനില്‍ റബ്ബിഉല്‍ അവ്വലിലെയും പന്ത്രണ്ടാം തിയ്യതിയിലെയും പ്രത്യേക ആഘോഷമെന്ന ഒരു പുതിയ നിര്‍മ്മിതി തുന്നിച്ചേര്‍ക്കേണ്ട ആവശ്യമില്ല.

നബിദിനാഘോഷത്തിന് തെളിവായി ഇവര്‍ ഉദ്ധരിക്കുന്ന കാര്യങ്ങളാകട്ടെ റബ്ബീഉല്‍ അവ്വല്‍ മാസവുമായും പന്ത്രണ്ടാം തിയ്യതിയ്യുമായും പ്രത്യേക ബന്ധമൊന്നും ഇല്ല. 

(1) നബി(സ)യും സ്വഹാബികളും പ്രവാചകരുടെയും മറ്റും മദ്ഹ് പറഞ്ഞത്. ഇത് റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും പ്രത്യേകമായിട്ടായിരുന്നില്ല. അടിസ്ഥാനം ഈ മാസത്തിനും തിയ്യതിക്കും പ്രത്യേകത കല്‍പ്പിക്കുക എന്നതാണെന്ന് പറഞ്ഞല്ലോ?  

(2) മുഹറം ഒമ്പത്, പത്ത് നോമ്പ്. ഇത്  മൂസാ നബി ജനിച്ച തിയ്യതിയിലോ മാസത്തിലോ അല്ല. റബ്ബിഉല്‍ മാസവുമല്ല.

(3) നബി(സ) അഖീദ അറുത്തത്. ഇത് ആവര്‍ത്തിച്ച് ചെയ്യേണ്ട കാര്യമല്ല.നബി(സ) ഒന്ന്‍ അറുത്ത ശേഷം പിന്നെ മരണം വരെ അറുത്തിട്ടില്ല. അറുത്തതാകട്ടെ റബ്ബിഉല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയിലും അല്ല.

(4) തിങ്കളാഴ്ച നോമ്പ്. ഇത് ഏത് മാസത്തിലും തിയ്യതിയിലും വരുന്ന തിങ്കളാഴ്ചകളില്‍ ചെയ്യേണ്ടതാണ്. റബ്ബിഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയിലും മാത്രമായി പ്രത്യേകമായ തിങ്കളാഴ്ച നോമ്പുകളില്ല.

(5) നബി(സ)യെ പുകഴ്ത്തി കവിത ചൊല്ലിയതില്‍ പുതപ്പ് സമ്മാനമായി നല്‍കിയത്. കഅ്ബ്(റ) കവിത ചൊല്ലിയതും പ്രവാചകന്‍(സ) പുതപ്പ് സമ്മാനിച്ചതും റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയിലും അല്ല എന്ന പോലെ ആ മാസത്തിനും തിയ്യതിക്കും പ്രത്യേകത കല്‍പ്പിച്ചുകൊണ്ടും അല്ല.

(6) ഖുര്‍ആനില്‍ റഹ് മത്ത് കൊണ്ടും മറ്റും സന്തോഷിക്കാന്‍ പറഞ്ഞത്. റബ്ബിഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും പ്രത്യേകം ഇവകള്‍ കൊണ്ടെല്ലാം സന്തോഷിക്കണമെന്ന് പ്രസ്തുത ആയത്തിലോ മറ്റോ ഖുര്‍ആന്‍ പറയുന്നില്ല. ആയത്ത് മനസ്സിലാക്കി പ്രവര്‍ത്തിച്ച നബി(സ)യും സ്വഹാബികളും തദടിസ്ഥാനത്തില്‍ റബ്ബീഉല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും പ്രത്യേകമായ യാതൊന്നും ചെയ്തിട്ടുമില്ല. ഖുര്‍ആനില്‍ അങ്ങിനെ ഒരു നിര്‍ദ്ദേശം ഇല്ലാത്തത് കൊണ്ടാണ് അവരാരും അങ്ങിനെ ചെയ്യാതിരുന്നത്.

(7) നബി(സ) ചിലപ്പോള്‍ ആടിനെ അറുക്കുമ്പോള്‍ ഖദീജ(റ)യുടെ സ്നേഹിതകള്‍ക്ക് കൊടുത്തത്. ഇത് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടിനും അറുത്ത ആടുകളല്ല. ഖദീജ(റ)യുടെ ജന്മദിനദിനത്തോടനുബന്ധിച്ച് അവര്‍ ജനിച്ച മാസത്തിലും തിയ്യതിയിലും അറുത്തതുമല്ല. 

(8) ഖുര്‍ആനിലെയും ഹദീസിലെയും മദ്ഹുകള്‍. ഇതൊന്നും മദ്ഹ് ചെയ്യപ്പെട്ട വ്യക്തികളുടെ ജനന മാസത്തിലോ തിയ്യതിയിലോ പ്രത്യേകമായി ചൊല്ലാറുള്ളതല്ല. അങ്ങിനെ പ്രത്യേകമായി ചൊല്ലാനുള്ളതുമല്ല.

(9) അബൂലഹബിന് തിങ്കളാഴ്ച നരകത്തില്‍ നിന്ന് ഇളവ്  ലഭിക്കുമെന്ന സ്വപ്നദര്‍ശനം. അബൂലഹബ് അടിമയെ മോചിപ്പിച്ചത് റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയിലും അല്ല. ഖുര്‍ആന്‍ ലഅ്നത്ത് ചെയ്ത കൊടിയ മുശ്രിക്ക് സ്വപ്നം കാണിച്ചത് മതത്തില്‍ പ്രമാണമാവുകയില്ല എന്ന കാര്യം നബിദിനക്കാരും അംഗീകരിക്കുന്നതാണ്.

(10) ഖസ്തല്ലാനിയെപോലെയുള്ള പില്‍കാലക്കാരുടെ പുസ്തകങ്ങളില്‍ വ്യക്തമായ പരമ്പര ഇല്ലാതെ എഴുതി വച്ച ചില ഉമ്മൂമ കഥകള്‍. ഉമ്മൂമ കഥകള്‍ ഇസ്ലാമില്‍ പ്രമാണമല്ല. പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ രേഖ വേണം.

(11) അബൂശാമ, ഖസ്തല്ലാനി, സ്വുയൂതി, ഹൈതമി തുടങ്ങി പില്‍കാലത്തുള്ള ചില ആളുകള്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ നല്ലതാണെന്നും പുണ്യമാണെന്നും പറഞ്ഞത്. യുക്തിയില്‍ നല്ലതാണെന്ന് തോന്നിയത് മതത്തില്‍ പുണ്യമാവുകയില്ല. ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, വ്യക്തമായ ഖിയാസ് എന്നിവയാണ്. ഇവയിലൊന്നും ഉമ്മൂമ്മ കഥകളും മേല്‍പറഞ്ഞവരെപ്പോലെയുള്ളവരുടെ യുക്തിവാദങ്ങളും പെടുകയില്ല.