Saturday 24 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.13

അല്ലാഹു ആകാശത്തിലാണ് എന്നത് ഒരു ഞെട്ടിപ്പിക്കുന്ന വാദമാണ്


കേരള 'സുന്നി'കള്‍ പറയുന്നു: "വഹാബികളുടെ ഞെട്ടിപ്പിക്കുന്ന വാദങ്ങള്‍. അള്ളാഹു ആകാശത്തിലാണ്. (അല്‍ മനാര്‍. ഏപ്രില്‍ 2005.  പേജ് 50)"    (വിചാരണ 2007. ഫെബ്രവരി)

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു:  "ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെ പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?" (സൂറഃ മുല്‍ക്ക്. 16) ഖുര്‍ആന്‍ ഇവിടെ അല്ലാഹുവിനെ പറ്റി പറഞ്ഞത് ആകാശത്തുള്ളവന്‍ എന്നാണ്. വീണ്ടും കാണുക. "അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു." (സൂറഃ സജദ. 5)

അല്ലാഹു ആകാശത്തിലാണ് എന്ന യാഥാര്‍ത്ഥ്യം 'കേരളാ സുന്നികളും' അംഗീകരിക്കേണ്ടി വരുന്നു:-  "അകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയിലേക്ക്‌ ആഴ്ത്തിക്കളയുകയും അന്നേരം ഭൂമി വിറക്കുകയും ചെയ്യില്ലെന്ന് നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണോ? അല്ല. ആകാശത്തുള്ളവന്‍ നിങ്ങളുടെ മേല്‍ ചരല്‍കാറ്റായക്കില്ലെന്ന് നിങ്ങള്‍ സമാധാനപ്പെടുകയാണോ?" (അല്‍ മുല്‍ക്ക് 16-17).   (രിസാല ഖുര്‍ആന്‍ പതിപ്പ്. 2007 സെപ്തംബര്‍)

"ഒരിക്കല്‍ ഒരാള്‍ക്ക് ഒരു മുസ്ലിമത്തായ വെള്ളാട്ടിയെ സ്വതന്ത്രയാക്കേണ്ട ആവശ്യം നേരിട്ടപ്പോള്‍ അയാള്‍ ഒരു മൂഡയായ ഹിബ്സിപ്പെണ്ണിനെ രസൂലിന്‍റെ സന്നിധിയില്‍ കൊണ്ടു ചെന്നു.അവള്‍ മുസ്‌ലീം തന്നെയാണോ എന്നറിയാന്‍ ആഗ്രഹിച്ചു. റസൂല്‍(സ) അവളോട് അള്ളാഹു എവിടെയാണെന്ന് ചോദിച്ചു. അവള്‍ മേല്‍പ്പോട്ട്‌(ആകാശത്തിലേക്ക്) തന്‍റെ വിരല്‍ ചൂണ്ടിക്കാണിച്ചു. അപ്പോള്‍ റസൂല്‍ പറഞ്ഞു." ഇവള്‍ മുസ്ലിമത്ത് തന്നെയാണ്. കൊണ്ട് പോയി കൊള്ളുക".(ബുഖാരി). (അഹ് ലു സുന്നത്തി വല്‍ ജമാഅത്തും എഴുപത്തി രണ്ടു വിഭാഗവും. പേജ് 43. കെ.എ. മജീദ്‌ ഫൈസി കിഴിശ്ശേരി)

"അല്ലാഹു ആകാശത്ത് നിന്ന് അവളോട് വിളിച്ചു പറഞ്ഞു." (ഇഹ് യാ ഉലൂമിദ്ദീന്‍ മലയാള പരിഭാഷ. 15/56. എം.വി. കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാര്‍. മുദരിസ് പാടൂര്‍). ഈ ഗ്രന്ഥത്തിന്‍റെ പോരിശ:-  'മലയാളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക ഗ്രന്ഥമാണത്.'  (രിസാല വാരിക. 1997 ഏപ്രില്‍ .11) അകാശത്തിലാണ് എന്ന് പറയുമ്പോള്‍ 'സുന്നി'കള്‍ അതിനെ സ്ഥലം ആവശ്യമായവനെന്ന് സ്വയം സങ്കല്‍പ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഇത് കുഫ്റും പിഴവുമാണ്. അള്ളാഹു പറഞ്ഞതിനെ യാതൊരു വിധ സാദൃശ്യപ്പെടുത്തലും കൂടാതെ അപ്പടി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് സുന്നത്ത് ജമാഅത്ത്.