Sunday 11 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.9

അല്ലാഹുവിന്‍റെ അനുമതി കൂടാതെ ശൈഖ് ജീലാനി(റ)  മരിച്ചയാളെ  ജീവിപ്പിച്ചുവോ?



കേരള 'സുന്നി'കള്‍ പറയുന്നു:  ഒരിക്കലൊരു ക്രിസ്ത്യന്‍ പുരോഹിതന്‍ പരീക്ഷണാര്‍ത്ഥം ശൈഖ് ജീലാനി(റ)യോട്  ഇപ്രകാരം വാദിച്ചു.  "ലോകത്ത് ഏറ്റവും ശ്രേഷ്ഠനും ഉന്നതനുമായ മനുഷ്യന്‍ യേശു ദേവനാണ്. അദ്ദേഹം മരിച്ചയാളെ ജീവിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ നബി മുഹമ്മദ്‌ അങ്ങിനെ ചെയ്തിട്ടില്ലല്ലോ?"  ബുദ്ധിമാനായ ശൈഖവര്‍കള്‍  തിരിച്ചടിച്ചു. "ഈസ നബി(അ) അങ്ങിനെ ചെയ്തത് അല്ലാഹിവിന്‍റെ അനുമതി കൊണ്ടാണല്ലോ.ആയതുകൊണ്ട് എന്‍റെ പ്രവാചകനായ മുഹമ്മദ്‌ നബി(സ)യുടെ സമുദായത്തിലെ വെറുമൊരു വ്യക്തി മാത്രമായ ഞാന്‍ എന്‍റെ അനുമതി കൊണ്ട്  മരണപ്പെട്ടവരെ ജീവിപ്പിച്ചാല്‍ എന്‍റെ പ്രവാചകനാണ്‌ ലോകത്തിലെ അത്യുന്നത വ്യക്തി എന്ന് നിങ്ങള്‍ അംഗീകരിക്കുമോ?"  പുരോഹിതന്‍ സമ്മതിച്ചു.  രണ്ടു പേരും കൂടി ശവപ്പറമ്പിലേക്ക് പോയി. ധാരാളം വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു പോയ ഒരു ഖബര്‍ ചൂണ്ടികൊണ്ട് അദ്ദേഹം പറഞ്ഞു." ഇയാളെ ജീവിപ്പിക്കണം."  ഉടന്‍ ജീലാനി അദ്ദേഹത്തിന്‍റെ പേര് വിളിച്ചു കൊണ്ട് പറഞ്ഞു."യാ ഫുലാന്‍ ഖും ബി ഇദ്നീ." തത്സമയം ഖബര്‍ പൊട്ടിപ്പിളര്‍ന്ന് അകത്തുള്ളയാള്‍ പുറത്ത് വന്നു. (രിസാല മാസിക. 1992. ഒക്ടോബര്‍ 1)

ഈസാ നബി(അ) ജീവിപ്പിച്ചത് അല്ലാഹുവിന്‍റെ അനുമതി കൊണ്ടല്ലെ എന്ന് ശൈഖ് ചോദിക്കുന്നു.  അതിനെ മറികടന്ന്കൊണ്ട് ഞാന്‍ എന്‍റെ അനുമതിയോടെ മരിച്ചവരെ ജീവിപ്പിച്ചാല്‍ അംഗീകരിക്കുമോ എന്ന് ശൈഖ് ചോദിക്കുന്നു. 'ഖും ബി ഇദിനില്ലാ'(അല്ലാഹുവിന്‍റെ അനുമതിയോടെ എഴുന്നേല്‍ക്കൂ) എന്ന് പറയേണ്ടതിന് പകരം 'ഖും ബി ഇദ്നീ' (എന്‍റെ അനുമതിയോടെ എഴുന്നേല്‍ക്കൂ) എന്ന് പറയുന്നു

എന്നാല്‍ സുന്നത്ത് ജമാഅത്ത് പറയുന്നു: "അല്ലാഹുവിന്‍റെ അനുമതി കൂടാതെ ഒരു ദൂതനും ഒരു ദ്രിഷ്ടാന്തവും കൊണ്ടുവരുവാന്‍ സാദ്ധ്യമല്ല"  (സൂറഃ  റഅ്ദ്. 38) അല്ലാഹുവിന്‍റെ അനുമതിയോടെ ജീവിപ്പിച്ചു എന്നതിനെ മറി കടന്നുകൊണ്ട് ഞാന്‍ എന്‍റെ അനുമതിയോടെ ജീവിപ്പിച്ചാല്‍ എന്ന് പറയാനും പാടില്ല. അല്ലാഹുവിന്‍റെ അനുമതിയെ മറികടന്നു പറയാന്‍ മുഹ് യിദ്ധീന്‍ ശൈഖ് അടക്കമുള്ള ഒരാള്‍ക്കും അധികാരമില്ല. ഈസാ നബി(അ)നേക്കാള്‍ മുന്തിയ ഒരു ശൈഖായി മുഹ് യിദ്ധീന്‍ ശൈഖിനെ മുസ്ലീംകള്‍ കാണുന്നില്ല. അദ്ദേഹമടക്കം പ്രവാചകന്മാരെല്ലാം പ്രവര്‍ത്തിച്ചത് അല്ലാഹുവിന്‍റെ അനുമതി പ്രകാരം മാത്രമാണ്. അതിനെ മറികടന്ന് കൊണ്ട് ഒരാളും തന്‍റെതെന്ന് സ്വന്തം അനുമതി പറഞ്ഞിട്ടില്ല.