Saturday 17 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.11

പുതിയ സമയങ്ങളും ക്രമങ്ങളും നിശ്ചയിച്ചാല്‍ ബിദ്അത്ത് അടിസ്ഥാനപരമാകുമോ?




കേരള 'സുന്നി'കള്‍ പറയുന്നു: "മൌലീദാഘോഷത്തിന്‍റെ അടിസ്ഥാനം ജനങ്ങളെ സംഘടിപ്പിക്കല്‍, ഖുര്‍ആന്‍ പാരായണം, നബി ചരിത്രം പറയല്‍, പ്രത്യക വിഭവങ്ങള്‍ ഉണ്ടാക്കി സദ്യ നടത്തല്‍ എന്നിവയില്‍ കവിഞ്ഞ മറ്റൊന്നുമല്ല.ഇങ്ങിനെ ചെയ്യുന്നത് പ്രതിഫലാര്‍ഹാമായ ബിദ്അത്ത് ഹസനത്താകുന്നു" (ഹിക്മത്ത് വാരിക. 1987. നവംബര്‍ 6)

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: ജനങ്ങളെ സംഘടിപ്പിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക തുടങ്ങിയ കാര്യങ്ങളായത് കൊണ്ട് മൌലീദാഘോഷത്തിന് അടിസ്ഥാനമുണ്ടാവുകയില്ല. ഇകാരണങ്ങളാല്‍ അവ നല്ലതും പ്രതിഫലാര്‍ഹവുമാവുകയില്ല. കാരണം അതിന് റബ്ബിഉല്‍ അവ്വല്‍ മാസം, പന്ത്രണ്ടാം തിയ്യതി എന്നിങ്ങനെ പ്രത്യേകമായ ഒരു സമയം മതപരമായി പുതുതായി നിര്‍മ്മിച്ചുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ അത് അടിസ്ഥാന രഹിതവും കുറ്റകരവുമായി മാറുന്നു. നബി(സ) പറയുന്നത് കാണുക: "നിങ്ങളോട് ഞാന്‍ സംസാരിച്ചതില്‍ നിങ്ങള്‍ ഒന്നും അധികരിപ്പിക്കരുത്."(അഹ്മദ്)   ഒന്നും എന്ന്‍ പറയുമ്പോള്‍ റബീഉല്‍ മാസവും പന്ത്രണ്ടാം തിയ്യതിയും അതില്‍ ഉള്‍പ്പെടുന്നു. അവകള്‍ക്ക് സ്വന്തം വക മതപരമായ പ്രത്യേകത നിര്‍മ്മിച്ചുണ്ടാക്കുന്നത് പ്രവാചകന്‍(സ) പഠിപ്പിച്ചതിനപ്പുറം അധികരിപ്പിക്കലും കുറ്റകരവുമാകുന്നു. 'സുന്നി'(സമസ്ത)കള്‍ക്ക് തന്നെ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടി വരുന്നത് കാണുക. "റജബ് മാസം ആദ്യത്തെ വെള്ളിയാഴ്ച  രാവ് രഗാഇബ് എന്ന പേരില്‍ നിര്‍വ്വഹിക്കപ്പെടുന്ന പന്ത്രണ്ട് റക്അത്ത് നമസ്കാരം, ബറാഅത്ത് രാവില്‍ നമസ്കരിക്കുന്ന നൂറ് റക്അത്ത്, സംശയാടിസ്ഥാനത്തില്‍ മുമ്പ് ഖളാ ആയിപ്പോയ അഞ്ചു ഫര്‍ള് നമസ്കാരങ്ങള്‍ക്ക് പരിഹാരമെന്നോണം റമദാന്‍ അവസാനത്തെ വെള്ളിയാഴ്ച പതിനേഴ്‌ റക്അത്ത് നമസ്കരിക്കല്‍ ഇവയൊന്നും സുന്നത്തില്ല. പ്രത്യുത അവയെല്ലാം അടിസ്ഥാനരഹിതമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്. ഇതെല്ലാം നിര്‍വഹിക്കുന്നവന്‍ കുറ്റക്കാരനായിത്തീരുകയും ചെയ്യും." (ഇര്‍ഷാദുല്‍ ഇബാദ് മലയാള പരിഭാഷ, പേജ് 123)

മേല്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനം നമസ്കരിക്കുക, നമസ്കാരത്തിലൂടെ അല്ലാഹുവിന് റുകൂഉം സുജൂദും ചെയ്യുക, ഖുര്‍ആന്‍ പാരായണവും ദിക്റുകളും സ്വലാത്തുകളും ചൊല്ലുക എന്നിവയെല്ലാമാണ്. എന്നിട്ടും അടിസ്ഥാനപരമായി ഇവകള്‍ നല്ലതാണെന്ന് പറയാന്‍ 'സുന്നികള്‍ക്ക് ധൈര്യമില്ല.  പ്രവാചകന്‍റെയും സ്വഹാബത്തിന്‍റെയും മാതൃകയില്ലാത്ത റജബ് മാസം ആദ്യത്തെ വെള്ളിയാഴ്ച രാവ്, ബറാഅത്ത് രാവ്, മുഹര്‍റം പത്ത് എന്നിങ്ങനെയുള്ള പുതിയ സമയ ക്രമങ്ങള്‍ മതപരമായി പുതിയതായി അവകള്‍ക്ക് നിര്‍ണ്ണയിച്ചപ്പോള്‍ അതിന്‍റെ അടിസ്ഥാനം നഷ്ടപെട്ടുപോയി. റബ്ബീഉല്‍ അവ്വല്‍, പന്ത്രണ്ടാം തിയ്യതി എന്നിങ്ങനെയുള്ള പുതിയ സമയ ക്രമങ്ങള്‍ നിര്‍ണ്ണയിച്ചുണ്ടാക്കുന്നതും ഇപ്രകാരം തന്നെയാണ്. അത് കര്‍മ്മങ്ങളുടെ അടിസ്ഥാനം നഷ്ടപ്പെടുത്തും.  

ബാങ്കിന് മുമ്പ് പ്രത്യകം സ്വലാത്ത് ചൊല്ലുന്നതിനെക്കുറിച്ച് എഴുതുന്നു: "ഹദീസുകളിലോന്നും ബാങ്കിന് മുമ്പായി സ്വലാത്ത് ചൊല്ലുന്നത് പരാമര്‍ശിച്ചതായി  ഞാന്‍ കണ്ടിട്ടില്ല. ഇമാമുകളുടെ വാക്കുകളിലും തഥൈവ. അപ്പോള്‍ പ്രസ്തുത സമയം സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന വിശ്വാസത്തോടെ ചൊല്ലുന്നത് തടയപ്പെടേണ്ടതാണ്. കാരണം രേഘയില്ലാതെ ശറഇല്‍ ഒരു കാര്യം ഉണ്ടാക്കപ്പെടാവുന്നതല്ല.(അല്‍ ഫതാവല്‍ കുബ്റാ. വാ. 1,  പേജ് 131)" (ഫതാവാ മുഹ് യിസുന്ന, 1/53)

ബാങ്കിന് മുമ്പ് എന്ന ഒരു പ്രത്യേക സമയം പുതിയതായി ഉണ്ടാക്കിയത് കൊണ്ട് ഇവിടെയുള്ള സ്വലാത്തിന് അടിസ്ഥാനം നഷ്ടപെട്ടു. മതത്തില്‍ നബി(സ)യും സ്വഹാബത്തും പഠിപ്പിക്കാത്ത സമയങ്ങളും ക്രമങ്ങളും എണ്ണങ്ങളും പുതിയതായി നിര്‍മ്മിച്ചുണ്ടാക്കിയാല്‍ എത്ര നല്ല കര്‍മ്മങ്ങളായാലും അതിന്‍റെ അടിസ്ഥാനം നഷ്ടപ്പെടും.അനന്തരം ചെയ്യുന്ന ഇബാദത്തുകള്‍ തെറ്റും കുറ്റകരമാവുകയും ചെയ്യും.